KeralaNEWS

കോടാനുകോടി ഭക്തരുടെ വിശ്വാസ തെളിനീര്;പമ്പ എന്നത് വെറുമൊരു നദിയല്ല  !

രച്ചിൽ രണ്ടു രീതിയിൽ വരാം.സന്തോഷം കൊണ്ടും സങ്കടം കൊണ്ടും.രണ്ടു രീതിയിലും കരയിപ്പിക്കും പമ്പ.വറവുകാലത്ത് ആരോഗ്യമില്ലാതെ ഏന്തിവലിഞ്ഞെത്തി കുടിവെള്ളം എത്തിച്ചുതന്നും മഴക്കാലത്ത് മുടിയാട്ടം നടത്തിയും.
അതെ പമ്പ എന്നത് വെറും രണ്ടക്ഷരമല്ല.അത് കോടാനുകോടി ഭക്തരുടെ വിശ്വാസ തെളിനീരാണ്.ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള പ്രശ്നമാണ്.മൂന്നു ജില്ലകളുടെയും പിന്നെ അറബിക്കടലിന്റേയും ഭാഗവുമാണ്.
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പ.ഒഴുകുന്നത് 176 കിലോമീറ്റർ.ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടു തന്നെ പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു.പമ്പാനദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ പീരുമേട്ടിലുള്ള പുളച്ചിമലയിലാണ്‌.പിന്നീടത് റാന്നി,പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ,തിരുവല്ല,,കുട്ടനാട് പ്രദേശങ്ങളിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിലൂടെ അറബിക്കടലിൽ പതിക്കുന്നു.പത്തനംതിട്ടയിലും ആലപ്പുഴയിലുമുള്ള ജനങ്ങളുടെ ഒരു പ്രധാന ജലസ്രോതസ്സാണ് ഈ നദി.പ്രത്യേകിച്ച് കുട്ടനാട്ടുകാർക്ക്.പമ്പയുടെ വരദാനമെന്നാണ് കുട്ടനാട് അറിയപ്പെടുന്നതു തന്നെ.എന്നിരുന്നാലും പത്തനംതിട്ടക്കാർക്കും കുട്ടനാട്ടുകാർക്കും ഉൾപ്പടെ അതിന്റെ തീരത്ത് താമസിക്കുന്നവർക്ക് ഒരുപോലെ കുടിനീരും കണ്ണീരുമാണ് ഈ നദി.
 2018/2019 ലെ (ആഗസ്റ്റ്‌ മാസത്തിൽ) അതിന്റെ കലിതുള്ളലിൽ ഇരയായവർ അനേകായിരങ്ങളാണ്. ഉറ്റവരെയും ഉടയവരെയും എന്തിനേറെ വീടും കുടിയും വരെ  നഷ്ടപ്പെട്ട നിരവധി ആളുകൾ. അതുകൊണ്ട് തന്നെ പത്തനംതിട്ടക്കാർക്കും കുട്ടനാട്കാർക്കും ഒരേസമയം തല്ലും തലോടലുമാണ് പമ്പാനദി. തെക്കൻ കേരളത്തിൽ മറ്റ് ഏത് നദികളെക്കാളും ജലം വഹിക്കുന്നതും പമ്പയാണ്.
കിഴക്കൻ മലയിലെ പെയ്ത്തുവെള്ളമായി എത്തുന്ന പമ്പാനദിയാണ് എന്നും കുട്ടനാടിന്റെ ജീവിതം നിർണയിക്കുന്നത്.കിഴക്കൻമലയോരങ്ങളിൾ മഴ കുറഞ്ഞാൽ അത് കൃഷിയെ ആശ്രയിച്ച് കഴിയുന്ന കുട്ടനാട്ടുകാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കും.ഇനി മഴ കൂടിയാലോ, ജീവിതം തന്നെ താളം തെറ്റുകയും ചെയ്യും.നദി കരകവിഞ്ഞാൽ സ്വതവേ താഴ്ന്ന പ്രദേശങ്ങളായ കുട്ടനാട്ടിലെ മിക്ക സ്ഥലങ്ങളുംംവീടുകളും  നിമിഷനേരം കൊണ്ട്  വെള്ളത്തിനടിയിലാകും.
 പശ്ചിമഘട്ടത്തിലെ പീരുമേട് പീഠഭൂമിയിലെ പുലച്ചിമലയിൽ നിന്നാണ് പമ്പയുടെ തുടക്കം. തുടർന്ന് പമ്പ റിസർവോയറിലെത്തി റാന്നി റിസർവ്വ് വനത്തിലൂടെ താഴേക്ക് ഒഴുകി ഗവിയാർ, കുള്ളാർ, മീനാർ എന്നിവരെ കൂട്ട്പിടിച്ച്  അപ്പാച്ചിമേടിന് സമീപത്തുകൂടി പമ്പ ത്രിവേണിയിൽ എത്തുന്നു ഇവിടെ വച്ച് കക്കി റിസർവോയറിൽ നിന്ന് പുറത്തു വരുന്ന കക്കിയാറുമായി ചേർന്ന് കൂടുതൽ ശക്തനാകുന്നു.അതോടെ ഒരുനിമിഷം ഒന്ന് സ്ലോയായി സന്നിധാനത്തിലേക്ക് നോക്കി നന്ദിയോടെ സ്വാമിയേ .. എന്നൊരു വിളി വിളിച്ച് ഒറ്റ പോക്കാണ്.പമ്പ ക്യാമ്പിനു താഴ് വശത്തുകൂടി ഞുണങ്ങാറിനെ കൂട്ട്പിടിച്ചു വനത്തിലൂടെ ഒഴുകി മണ്ണാറക്കുളഞ്ഞി -ചാലക്കയം ശബരിമല പാതയ്ക്ക് അരികിൽ കൂടി ഒഴുകി വീണ്ടും വനത്തിലുള്ളിലൂടെ തുലാപ്പള്ളിക്ക് അടുത്ത് വച്ച് എരുമേലി -പമ്പ പാതയ്ക്ക് സമാന്തരമായി കണമലയിൽ എത്തുന്നു.കണമലയിൽ വെച്ചാണ് അഴുതയാർ പമ്പയുമായി ചേരുന്നത്.തുടർന്ന് കൂടുതൽ കരുത്തനായി മുന്നോട്ട് ഒഴുകി പെരുന്തേനരുവിയിലെത്തി വീണ്ടും ഒന്നു സ്ലോ ആകും.കാരണം ഇവിടെ കെഎസ്ഇബി ഡാം പണിതിട്ടുണ്ട്.ഡാമിൽ നിന്നും പുറത്തുചാടി പാറക്കെട്ടുകൾക്കിടയിലൂടെ അപകടം തിരിച്ചറിയാതെ വേഗം കരുത്താർജ്ജിച്ച് കുതിക്കുന്നതിനിടയിലാണ് ആ വീഴ്ച. അതാണ് പെരുന്തേനരുവി വെള്ളച്ചാട്ടം!
വീണാലും നാല് കാലിലെ വീഴാവു എന്നുപറയുന്നതുപോലെ അവിടെനിന്ന് ഏന്തിവലിഞ്ഞ്, തുടർന്ന് അത്തിക്കയം വഴി
പെരുനാട്ടിൽ എത്തുന്നു.ഇവിടെ വെച്ചാണ് കക്കാട്ടർ പമ്പയിൽ ചേരുന്നത്.തുടർന്ന് കൂടുതൽ കരുത്തനായി,വടശേരിക്കര ചാലക്കയം പാതയ്ക്ക് സമാന്തരമായി ഒഴുകി വടശേരിക്കരയിൽ എത്തുന്നു.ഇവിടെ വെച്ചാണ് കല്ലാർ പമ്പയിൽ ചേരുന്നത്.ഇതോടെ പമ്പ ശരിക്കുമുള്ള പമ്പയായി എന്നുപറയാം.തുടർന്ന് പടിഞ്ഞാറ് ലക്ഷ്യമാക്കി ഒഴുകി റാന്നി ടൗണിനെ പെരുമ്പുഴ,ഇട്ടിയപ്പാറ എന്നിങ്ങനെ രണ്ടായി പകുത്ത്(ഇവിടെ പമ്പ ‘റ’ കാരം പൂണ്ട് ഒഴുകുന്നതുകൊണ്ടാണത്രെ റാന്നിയ്ക്ക് ആ പേര് ലഭിച്ചത് എന്ന് പറയപ്പെടുന്നു), ചെറുകോൽപുഴ, കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂർ വഴി പാണ്ടനാട് കടന്ന് അച്ചൻകോവിലാറിനെ വീയപുരത്തുനിന്നും മണിമലയാറിനെ വളഞ്ഞവട്ടത്തുനിന്നും വളഞ്ഞിട്ട് പിടിച്ച് കുട്ടനാടൻ പുഞ്ചകളുടെ പുഞ്ചിരി ഏറ്റുവാങ്ങി ചെറു വള്ളങ്ങൾ മുതൽ നൂറുകണക്കിന് ഹൗസ്ബോട്ടുകൾക്ക് വരെ യാത്രാസൗകര്യം ഒരുക്കി വേമ്പനാട് കായലിലെത്തുന്നു.ഇതോടെ പവനായി ശവമായി എന്നുപറയുന്നതുപോലെയാണ് പമ്പയുടെ അവസ്ഥ.പിന്നീട് വാർദ്ധക്യം ബാധിച്ചതിനുശേഷമാണ് വേമ്പനാട് കായലിൽ നിന്നും  അറബിക്കടലിലേക്ക് മോക്ഷം തേടിയുള്ള അതിന്റെ യാത്ര.
ഉറവയിൽ നിന്ന് നിന്ന് ഒരിറ്റു വെള്ളം പുറത്തേക്കൊഴുകുമ്പോൾ അതിനറിയില്ല, ഒരു പക്ഷെ അതൊരു പുഴയുടെ തുടക്കമാകുമെന്ന്.ചില തുള്ളികൾ അങ്ങനെയാണ്.ഒഴുകാൻ വേണ്ടി മാത്രം ഇറ്റുവീഴുന്നവ.അത് അരുവിയായി,പുഴയായി,നദിയായി ഒഴുകും.സമുദ്രമായി വളരും.പിന്നെയത് ഉയരങ്ങളിലേക്ക് നീരാവിയായി പോകും.തണുത്തുറഞ്ഞു വീണ്ടും തുള്ളിയായി… ആദിയും അനാദിയുമില്ലാത്ത ജലചക്രം!
അയ്യപ്പൻമാരുടെ സ്നാന ഘട്ടമായ പമ്പാ ത്രിവേണി, റാന്നി ഹിന്ദു മഹാസമ്മേളനം, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, മാരാമൺ കൺവെൻഷൻ, ആറൻമുള വള്ളംകളി, ചെങ്ങന്നൂർ ക്ഷേത്രം,പരുമലപ്പള്ളി, എടത്വ പള്ളി , ചമ്പക്കുളം വള്ളം കളി എല്ലാം പമ്പയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.ഇപ്പോൾ മനസ്സിലായില്ലേ,രണ്ടക്ഷരത്തിൽ ഒതുങ്ങുന്ന ചെറിയൊരു പുള്ളിയല്ല പമ്പയെന്ന്.അതെ ഒരേസമയം തല്ലും തലോടലുമാണ് പമ്പ!
വാൽക്കഷണം:തുംഗഭദ്ര നദിയുടെ പുരാതന നാമവും പമ്പ എന്നായിരുന്നു.ഈ നദിയുടെ തീരത്തുള്ള ഹംപിയും പമ്പ എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്.പിന്നീട് വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായതോടെയാണ് പുരാതന നഗരമായ പമ്പ ഇന്നത്തെ ഹംപിയാകുന്നത്.

Back to top button
error: