ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യയിലെ മുതിര്‍ന്ന കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ അറിയിച്ചു. ഹൈക്കമ്മിഷണറെ രാവിലെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്രജ്ഞന്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പുറത്താക്കുന്ന നയതന്ത്രജ്ഞന്റെ പേര് പുറത്തുവിട്ടിട്ടില്ല.
”ഇന്ത്യയിലെ ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം കാനഡ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് പുറത്താക്കപ്പെട്ട നയതന്ത്ര പ്രതിനിധിക്ക് നിര്‍ദ്ദേശം നല്‍കി. കനേഡിയന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്നതിലും ഇന്ത്യാ വിരുദ്ധ നീക്കങ്ങളില്‍ അവര്‍ക്കുള്ള പങ്കിലും ഇന്ത്യന്‍ ഭരണകൂടത്തിനുള്ള വര്‍ധിച്ച ആശങ്കയാണ് ഈ തീരുമാനത്തിനു പിന്നില്‍” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു
ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കാനഡയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി റിപുദാമന്‍ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍. ഇതടക്കം 10 എഫ്‌ഐആറുകള്‍ ആണ് ഹര്‍ദീപിനെതിരെയുള്ളത്.കാനഡയില്‍ പ്ലമര്‍ ആയാണു ഹര്‍ദീപിന്റെ തുടക്കം. 2013ല്‍ പാക്ക് കെടിഫ് തലവന്‍ ജഗ്താര്‍ സിങ് താരയെ സന്ദര്‍ശിച്ചു. 2015ല്‍ പാക്ക് ചാരസംഘടന ഐഎസ്‌ഐ ഹര്‍ദീപിന് ആയുധപരിശീലനം നല്‍കിയെന്നു ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുര്‍ സ്വദേശിയാണ് നിജ്ജാര്‍.