NEWSPravasi

പരസ്യമായി മദ്യപാനം; അബുദാബിയില്‍ മലയാളികള്‍ പിടിയില്‍

അബുദാബി: പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ അറസ്റ്റിലായി. ഇത്തരം പ്രവണതകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കി. ലേബര്‍ ക്യാംപ്, ബാച്ച്ലേഴ്‌സ് താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.

ഇന്നലെ മുസഫ ഷാബിയ 12ല്‍ നടന്ന പരിശോധനയില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും. വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാന്‍ (മുസ്ലിം അല്ലാത്തവര്‍ക്ക്) യുഎഇയില്‍ (ഷാര്‍ജയില്‍ ഒഴികെ) അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം.

Signature-ad

തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കരുതെന്നാണ് നിയമം. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ തടവിനു പുറമെ 50,000 ദിര്‍ഹം (11.31 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാം. ചില കേസുകളില്‍ നാടുകടത്തലുമുണ്ടാകും. ഷാര്‍ജ എമിറേറ്റില്‍ മദ്യം വാങ്ങാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം.

അതേസമയം, അബുദാബിയില്‍ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്പില്‍ നിസാര്‍ (47) ആണ് മരിച്ചത്. ഈ മാസം ആറിനാണ് നിസാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച സഹോദരനടക്കമുള്ള കുടുംബമെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ച നിസാര്‍ 15 വര്‍ഷമായി പ്രവാസിയാണ്. ദുബായിലാണ് ജോലി ചെയ്തിരുന്നത്. പരേതനായ ഉസ്മാന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കല്ലുംപുറത്ത് അലിയാര്‍ നിഷ (ദുബായ്) , മക്കള്‍: ഹെന, നോയ.

Back to top button
error: