ന്യൂഡല്‍ഹി: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍. ബിഹാര്‍ സ്വദേശിനിയെന്ന് കരുതുന്ന സ്വീറ്റി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ധരംവീര്‍ സിങ്, ഇയാളുടെ ബന്ധുക്കളായ അരുണ്‍, സത്യവാന് എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഇടയ്ക്കിടെ വീട് വിട്ടിറങ്ങുന്ന ഭാര്യയുടെ സ്വഭാവം ഇഷ്ടപ്പെടാത്തതിനാലാണ് കൃത്യം നടത്തിയതെന്നാണ് മുഖ്യപ്രതിയായ ധരംവീര്‍ സിങ്ങിന്റെ മൊഴി. സ്വീറ്റിയുടെ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഒരു സ്ത്രീയില്‍നിന്ന് 70,000 രൂപ നല്കി ധരംവീര്‍ സ്വീറ്റിയെ വാങ്ങി വിവാഹം കഴിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ശനിയാഴ്ചയാണ് ഡല്‍ഹി ഫത്തേഹ്പുര് ബേരിയിലെ വനമേഖലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാനായില്ല. ഇതോടെ പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങളില്‍നിന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരു ഓട്ടോറിക്ഷ പ്രദേശത്ത് എത്തിയതായി കണ്ടെത്തിയത്.
സംശയാസ്പദമായി കണ്ടെത്തിയ ഈ ഓട്ടോറിക്ഷയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ നമ്പറും മറ്റുവിവരങ്ങളും തിരിച്ചറിഞ്ഞു. പിന്നാലെ ഓട്ടോ ഡ്രൈവറായ അരുണിനെയും കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് കൊല്ലപ്പെട്ടത് സ്വീറ്റി എന്ന് പേരുള്ള യുവതിയാണെന്നും ബന്ധുവായ ധരംവീറിന്റെ ഭാര്യയാണെന്നും വ്യക്തമായത്.
താന്‍ ഉള്‍പ്പെടെയുള്ള മൂന്നംഗസംഘമാണ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇതോടെ പ്രതികളായ മറ്റുരണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, പ്രതികളുടെ മൊഴികള്‍ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.