കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2018 മുതല്‍ പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തില്‍ ഇത്രയും തുക ഈടാക്കിയത്.
അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ് ഇന്ത്യ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയും ഈടാക്കിയത് 21,000 കോടി രൂപയാണ്. അധിക എടിഎം ട്രാൻസാക്ഷൻസ് ഇനത്തില്‍ 8000 കോടി രൂപയും എസ്‌എംഎസ് സേവന ഇനത്തില്‍ 6000 കോടി രൂപയും ശേഖരിച്ചതായി ധനസഹമന്ത്രി ഭഗ്‌വത് കരാട് പാര്‍ലമെന്റിനെ അറിയിച്ചു.
സേവിങ്‌സ് ബാങ്കുകളില്‍ മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ചുമത്താമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പണം ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രധാൻമന്ത്രി ജൻധൻ യോജ്‌ന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകള്‍ക്ക് മിനിമം ബാലൻസ് പരിധിയില്ലെന്നും അദ്ദേഹം അറിയിച്ചു.
ഒരു ബാങ്ക് അക്കൗണ്ടില്‍ നിശ്ചിത സമയത്ത് ഉപഭോക്താവ് ഒരു നിശ്ചിത സംഖ്യ മിനിമം സൂക്ഷിക്കേണ്ടതുണ്ട്. ഇതിനാണ് ആവറേജ് ബാലൻസ് അല്ലെങ്കില്‍ മിനിമം ബാലൻസ് എന്നു പറയുന്നത്.മെട്രോകളില്‍ 3000 മുതല്‍ 10000 രൂപ വരെയാണ് വിവിധ ബാങ്കുകളുടെ മിനിമം ബാലൻസ് പരിധി. ഇതില്‍ കുറവാണ് എങ്കില്‍ നിശ്ചിത തുക ബാങ്ക് ഈടാക്കും. നഗരമേഖലകളില്‍ ഇത് 2000 മുതല്‍ 5000 വരെയും ഗ്രാമീണ മേഖലയില്‍ 500 മുതല്‍ 1000 വരെയുമാണ്.