മാനന്തവാടി: തോല്‍പ്പെട്ടി നരിക്കല്ലില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. നരിക്കല്ലിലെ പുതിയ പുരയില്‍ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്ര (63) ആണ് മരിച്ചത്. സുമിത്രയുടെ മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവായ തമിഴ്‌നാട് തിരുവണ്ണാമലൈ ഉപ്പുകോട്ടൈ മുരുകന്‍ (42) ആണ് അറസ്റ്റിലായത്. മാനന്തവാടി ഡിവൈഎസ്പി പിഎല്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ദിരയെ വിദേശത്ത് വെച്ച് പരിചയപ്പെട്ട മുരുകന്‍ പിന്നീട് തോല്‍പ്പെട്ടിയില്‍ ഇവരോടൊപ്പമാണ് താമസിച്ച് വന്നിരുന്നത്. എന്നാല്‍ ഇന്ദിരയുടെ മാതാവായ സുമിത്ര പല തവണ ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചിരുന്നതായും അതിലുള്ള വിദ്വേഷം മൂലം സുമിത്രയുടെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലിലേക്ക് തള്ളിയിട്ടതായാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കട്ടിലിന്റെ പടിയില്‍ തലയിടിച്ച് രക്തം വാര്‍ന്ന് കിടന്ന സുമിത്രയെ മകന്‍ ബാബു മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അവര്‍ മരിച്ചിരുന്നു. അമ്മ തലയടിച്ച് വീണതായി കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ബാബു പോലീസില്‍ അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് കൂടുതല്‍ അന്വേഷിക്കുകയായിരുന്നു. തലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുരുകനെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. ഇന്നലെ രാത്രിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുരുകനെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related Articles
ഒപ്പമുണ്ടായിരുന്ന സന്ദീപും കൈയില്‍ വരേണ്ടിയിരുന്ന പാലക്കാടും പോയി; സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തമാകും
November 24, 2024
പുതുമുഖം, താരപ്രചാരകരില്ല, കൈമുതല്‍ പ്രവര്‍ത്തകരുടെ കഠിനധ്വാനം മാത്രം; ഒരുലക്ഷത്തില്‍ അധികം വോട്ട് നേടി തിളങ്ങി നവ്യ
November 24, 2024
Check Also
Close