വയനാട്: കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഉടമസ്ഥനില്ലാത്ത നിലയില്‍ 40 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനക്കിടെയാണ് സ്വിഫ്റ്റ് ബസില്‍നിന്ന് പണം കണ്ടെടുത്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ബംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് എക്സൈസ് പണം പിടികൂടിയത്. ബസിന്റെ ലഗേജ് ബോക്സിനുള്ളിലായിരുന്നു പണം. 500 രൂപയുടെ 100 നോട്ടുകള്‍ അടങ്ങുന്ന 80 കെട്ടുകളാണ് ഉണ്ടായിരുന്നത്. കടലാസില്‍ പൊതിഞ്ഞ് ഇന്സുലേഷന് ടേപ്പുകൊണ്ട് ചുറ്റിപൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍.
ബെംഗളൂരുവില്‍വെച്ച് ഒരു മലയാളിയാണ് പൊതിക്കെട്ട് നല്‍കിയതെന്നാണ് ബസ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുള്ളത്. കൊടുവള്ളിയിലെത്തുമ്പോള്‍ ഒരാള്‍ വന്ന് ഇത് കൈപ്പറ്റുമെന്ന് പറഞ്ഞാണ് ബസില്‍ തന്നുവിട്ടതെന്നും ഇതില്‍ പണമായിരുന്നു എന്ന വിവരം തങ്ങള്ക്കയറിയില്ലായിരുന്നുവെന്നും ബസ് ജീവനക്കാര്‍ പറഞ്ഞതായും വിവരമുണ്ട്. പിടികൂടിയ പണം തുടര്‍നടപടികള്‍ക്കായി ബത്തേരി എക്സൈസ് റേഞ്ചിന് കൈമാറി.