ന്യൂഡല്‍ഹി: 2024 അധ്യയനവര്‍ഷം ആരംഭിക്കാനിരുന്ന എം.ബി.ബി.എസ്. അവസാനവര്‍ഷക്കാര്‍ക്കുള്ള ലൈസന്‍സ് പരീക്ഷ ‘നെക്സ്റ്റ്’ (നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ്-2023) മാറ്റിവെച്ചതായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) അറിയിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജൂലായ് 11-ലെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരു അറിയിപ്പുണ്ടാകുംവരെ പരീക്ഷ മാറ്റിവെക്കുന്നതെന്ന് എന്‍.എം.സി. സെക്രട്ടറി ഡോ. പുല്‍കേഷ് കുമാര്‍ നോട്ടീസിലൂടെ അറിയിച്ചു. എന്നാല്‍, ജൂലൈയ് 28-ന് നടക്കാനിരിക്കുന്ന നെക്സ്റ്റ് മോക് ടെസ്റ്റിനെക്കുറിച്ച് എന്‍.എം.സി. പ്രതികരിച്ചിട്ടില്ല.
2019-ലെ എം.ബി.ബി.എസ്. ബാച്ചിനെയാകും 2024-ല്‍ നടക്കുന്ന ആദ്യ നെക്സ്റ്റിന് പരിഗണിക്കുകയെന്നായിരുന്നു എന്‍.എം.സി. ആദ്യം അറിയിച്ചത്. എന്നാല്‍, ഇതിനെതിരേ വിദ്യാര്‍ഥികളും അധ്യാപകരും സാമൂഹികമാധ്യമങ്ങളില്‍ നെക്സ്റ്റ് ബഹിഷ്‌കരിക്കുക ക്യാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. ഒപ്പം നെക്സ്റ്റിന്റെ യോഗ്യതാപെര്‍സൈന്റെല്‍, രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ഇടവേളകള്‍ എന്നിവയില്‍ പുനര്‍ചിന്തനം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യക്കും എന്‍.എം.സി.ക്കും വിദ്യാര്‍ഥികള്‍ കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ചത്തെ എന്‍.എം.സി.യുടെ പരീക്ഷ മാറ്റിവെക്കല്‍ അറിയിപ്പ്.
ഇന്ത്യയില്‍ മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സിനുള്ള രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പി.ജി. പ്രവേശനം എന്നിവയ്ക്കാണ് നെക്സ്റ്റ് നടപ്പാക്കാന്‍ എന്‍.എം.സി. തീരുമാനിച്ചത്. ഒപ്പം വിദേശത്തുനിന്ന് എം.ബി.ബി.എസ്. പഠിച്ചെത്തുന്നവര്‍ക്കുള്ള ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് പരീക്ഷയ്ക്ക് പകരമായും നെക്സ്റ്റിനെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. രണ്ടുഘട്ടങ്ങളിലായി രണ്ടുതവണയാകും പരീക്ഷ നടത്തുകയെന്ന് പരീക്ഷാനടത്തിപ്പിനെക്കുറിച്ച് ജൂണില്‍ ഇറക്കിയ അന്തിമ വിജ്ഞാപനത്തില്‍ എന്‍.എം.സി. അറിയിച്ചിരുന്നു. ഡല്‍ഹി എയിംസിനായിരുന്നു പരീക്ഷ നടത്തിപ്പുചുമതല. ഇതുമായി ബന്ധപ്പെട്ട മോക് പരീക്ഷ രജിസ്ട്രേഷനും എന്‍.എം.സി. ആരംഭിച്ചിരുന്നു.