ന്യൂഡല്‍ഹി: ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഇതുവരെ മഴക്കെടുതിയില്‍ 39 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ മാത്രം 20 പേരാണ് മരിച്ചത്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെ കഴിയാനാണ് ഹിമാചല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. നിലവില്‍ 206.24 മീറ്ററാണ് ജലനിരപ്പ്. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു.
ഹിമാചല്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉത്തരേന്ത്യയില്‍ പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ പല നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടം ഉണ്ടായത്. വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.