സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനത്ത് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിട്ടുണ്ട് ; ഗില്ലിനെ ഓപ്പണറാക്കുന്നതിനെ ന്യായീകരിച്ച് സൂര്യകുമാര്‍ ; മൂന്ന് മുതല്‍ ഏഴു സ്ഥാനങ്ങളില്‍ കളിക്കുന്നവര്‍ക്ക് ബാറ്റിംഗില്‍ സ്ഥിരം പൊസിഷനില്ല, എവിടെയും ഇറങ്ങണം

കട്ടക്ക് : ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളിതാരം സഞ്ജു സാംസണെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെ ന്യായീകരിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുസാംസണ് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുവിന് ആവശ്യത്തില്‍ കൂടുതല്‍ അവസരം നല്‍കിയെന്നും എന്നാല്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹം സന്നദ്ധനാണെന്നത് സന്തോഷകരമായ കാര്യമാണെന്നും സൂര്യകുമാര്‍ മറുപടി നല്‍കി.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസണിന്റെ ബാറ്റിംഗ് ഓര്‍ഡറുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സൂര്യകുമാര്‍. ഓപ്പണര്‍മാരൊഴികെ 3 മുതല്‍ 7 വരെയുള്ള സ്ഥാനങ്ങളില്‍ കളിക്കുന്ന ബാറ്റിംഗ്‌നിര സ്ഥിരമായ ഒരു സ്ഥാനത്ത്് തന്നെ നിലനില്‍ക്കാതെ സാഹചര്യത്തിനനുസരിച്ച് മാറാന്‍ തയ്യാറാകണം. ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവിനേക്കാള്‍ മുന്‍പേ ഗില്‍ ഇറങ്ങുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തതിനാല്‍ ആ സ്ഥാനത്തിന് ഗില്‍ അര്‍ഹനായിരുന്നു എന്ന് സൂര്യകുമാര്‍ പറഞ്ഞു.
തിലക് വര്‍മ്മയോ ശിവം ദുബെയോ ഒക്കെ ഏത് പൊസിഷനിലും ഇറങ്ങാന്‍ പ്രാപ്തരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യുന്നത് ടീമിന് ഗുണമാകും. ടീമില്‍ അനേകം പ്രതിഭകള്‍ ഉള്ളത് സെലക്ഷന്‍ കാര്യത്തില്‍ ടീമിന് വലിയൊരു തലവേദന തന്നെയാണെന്നും സൂര്യകുമാര്‍ പറഞ്ഞു.
പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് വലിയ ബാലന്‍സ് നല്‍കുന്നുണ്ടെന്ന് സൂര്യകുമാര്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പില്‍ ഹാര്‍ദിക്കിന്റെ പരിചയസമ്പത്ത് വിലപ്പെട്ടതാണെന്നും പറഞ്ഞു. ദക്ഷിണാഫ്രിക്കയുമായി അഞ്ചു മത്സരങ്ങളിലാണ് ഇന്ത്യ ഏറ്റുമുട്ടുക. കട്ടക്കിലാണ് ആദ്യ മത്സരം നടക്കുക.






