ആറുപേര്‍ അകത്തായി; പുറത്തുവരേണ്ടത് ഇനി ഗൂഢാലോചനയുടെ അണിയറക്കഥകള്‍; നിയമനടപടിയുമായി അതിജീവിത മുന്നോട്ടു തന്നെ പോകുമെന്ന് സൂചന; സോഷ്യല്‍ മീഡിയയില്‍ അതിജീവിതയുടെ പഴയ അഭിമുഖങ്ങള്‍ വൈറല്‍

തൃശൂര്‍: ഇന്നലെ വരെ പുറത്തായിരുന്ന ആറുപേരും അകത്തായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ തടവറയിലേക്ക് നടിയെ ആക്രമിച്ച കേസിലെ ആറുപേര്‍ എത്തിയെങ്കിലും പുറത്തുവരേണ്ടത് ഈ കേസിലെ ഗൂഢാലോചന എന്ന പിടികിട്ടാപ്പുള്ളി തന്നെയാണ്.
കോടതി ഗൂഢാലോചന എന്ന ഭാഗത്തേക്ക് കടന്നില്ലെന്ന് പരക്കെ ആക്ഷേപം പല കോണില്‍ നിന്നുമുയരുമ്പോള്‍ ഗൂഢാലോചന സംബന്ധിച്ച മറ്റൊരു അന്വേഷണം ആരംഭിക്കാനുള്ള സാധ്യതയും കോടതി തുറന്നിട്ടിട്ടുണ്ട് എന്ന് വ്യാഖ്യാനിക്കാം.
മേല്‍ക്കോടതികളിലേക്ക് അപ്പീലുമായി പോവുകയാണെങ്കില്‍ ഇപ്പോള്‍ വിധി പറഞ്ഞ കോടതി പറയാതെ വിട്ടുകളഞ്ഞ ഗൂഢാലോചന എന്ന കാര്യം വിശദമായി തന്നെ മേല്‍ക്കോടതിയില്‍ വിചാരണയ്ക്ക് വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇനി മേല്‍ക്കോടതിയില്‍ പ്രോസിക്യൂഷന്‍ ശക്തമായി ഉന്നയിക്കേണ്ടതും ഗൂഢാലോചനയെക്കുറിച്ചാണ്. കേസില്‍ ഇപ്പോള്‍ കുറ്റവിമുക്തനാക്കിയിട്ടുള്ള ദിലീപ് അടക്കമുള്ളവര്‍ ഓര്‍ക്കേണ്ടതും ഒന്നും അവസാനിച്ചിട്ടില്ല എന്ന കാര്യമാണ്.
പള്‍സര്‍ സുനിയും കൂട്ടരും നടിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരുടേയും പ്രേരണയില്ലാതെ നടത്തിയതാണ് എന്ന നിലയിലേക്കാണ് ഇപ്പോഴത്തെ കോടതി വിധി കൊണ്ടെത്തിച്ചിരിക്കുന്നത്.
പള്‍സര്‍ സുനിയുടെ മൊഴികളില്‍ പോലും ഗൂഢാലോചന എന്ന പോയന്റ് ഉണ്ടായിരുന്നു. തൃശൂര്‍ പുഴയ്ക്കലിലുള്ള കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിയില്‍ വെച്ച് സുനിയും ദിലീപും തമ്മില്‍ സംസാരിക്കുന്നത് കണ്ടുവെന്ന സാക്ഷി മൊഴി കേസിലെ ഏറ്റവും നിര്‍ണായകമായിട്ടും അതൊന്നും വിധിയില്‍ കണ്ടില്ലെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി.
ഗൂഢാലോചന നടത്തിയത് ആരെല്ലാം എന്ന അന്വേഷണത്തില്‍ ഒരു മാഡമുണ്ട് എന്നത് വളരെ നിര്‍ണായകമായ മൊഴിയായിരുന്നു. കേസിന്റെ വിധി വന്നപ്പോള്‍ ആ മാഡത്തിന്റെ കാര്യവും ഗൂഢാലോചനക്കൊപ്പം അപ്രത്യക്ഷമായി.
ഇതിലേക്കെല്ലാം എത്തേണ്ട അന്വേഷണം കൃത്യമായി എത്തിയില്ലെന്നും ഇതെക്കുറിച്ച് പ്രോസിക്യൂഷന് വേണ്ടവിധം കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും കരുതേണ്ടി വരുന്ന കാര്യങ്ങളാണിത്.
ഒരു കുറ്റകൃത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ കൃത്യത്തിന് മുന്‍പുള്ള ഗൂഢാലോചന. പല കേസുകളിലും ഒന്നാം പ്രതിയേക്കാള്‍ ശിക്ഷ കൂടുതല്‍ ലഭിക്കാറുള്ളത് കൃത്യം നടത്തിയിട്ടില്ലെങ്കിലും ഗൂഢാലോചന നടത്തിയ പ്രതിയാകാറുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയായിരുന്നെങ്കിലും ഗൂഢാലോചന തെളിഞ്ഞിരുന്നെങ്കില്‍ ശിക്ഷ ഉറപ്പായിരുന്നു. എന്നാല്‍ ആറിനപ്പുറം കേസ് ഒഴുകിയില്ല.
അതിജീവിത കേസുമായി മുന്നോട്ടു പോയില്ലെങ്കിലും സ്‌റ്റേറ്റിന് കേസുമായി മുന്നോട്ടുപോകാമെന്നിരിക്കെ നടി ആക്രമിക്കപ്പെട്ട കേസ് അവസാനിക്കില്ലെന്നുറപ്പാണ്. ആറു പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ ശിക്ഷ ഇളവിനായി അവരും കോടതിയെ സമീപിക്കുമെന്നതില്‍ സംശയമില്ല.
മഞ്ജുവാര്യര്‍ ഉന്നയിച്ച ഗൂഢാലോചന എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. മഞ്ജു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ ആ ഗൂഢാലോചനയെന്ന സംശയമാണ് നിരപരാധിയായ തന്നിലേക്ക് കേസ് വരാനും എല്ലാവരും സംശയിക്കാനും കാരണമായതെന്നാണ് ദിലീപ് പറയുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഈ ഗൂഢാലോചന ആരോപണം തന്നിലേക്ക് തിരിച്ചുവിടാന്‍ പ്രവര്‍ത്തിച്ചുവെന്നും ദിലീപ് കുറ്റപ്പെടുത്തുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയും ആരോപിച്ചിരുന്നു.
കോടതിക്കു പുറത്ത് ദിലീപ് പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞ കുറ്റപ്പെടുത്തലുകള്‍ക്കൊന്നും മറുപടി പറയാന്‍ മഞ്ജു വാര്യര്‍ തയ്യാറായിട്ടില്ല.
എന്തായാലും മലയാള സിനിമയില്‍ ദിലീപിനെ അനുകൂലിക്കുന്നവരും നടിക്കൊപ്പം നില്‍ക്കുന്നവരുമായി രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ ഇനിയും വര്‍ധിക്കും.
മഞ്ജുവാര്യരെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ദിലീപിന്റെ വാക്കുകള്‍ക്ക് മഞ്ജുവിന്റെ മറുപടി എന്തായിരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും.
അതിനിടെ സോഷ്യല്‍മീഡിയയില്‍ അതിജീവിത ആരാണെന്ന് പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടുള്ള പഴയ അഭിമുഖങ്ങളും ചിത്രങ്ങളും നിറയുകയാണ്. അതിജീവിത തന്റെ ജീവിതാനുഭവങ്ങള്‍ പറയുന്ന വീഡിയോകളും റീലുകളും ഇന്ന് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കോടതി വിധി വന്നശേഷമാണ് ഇവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പേരു പറയാതെ വൈറലായിരിക്കുന്നത്.






