ഇംഫാല്‍: മണിപ്പുര്‍ കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുള്ള ശക്തികളാകാം എന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ്. കലാപം അടിച്ചമര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെയാണ് പരാമര്‍ശം.
”മ്യാന്മറുമായി മണിപ്പുര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനയും സമീപത്തുണ്ട്. അതിര്‍ത്തിയിലെ 398 കിലോമീറ്ററോളം കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത പ്രദേശമാണ്. അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ടെങ്കിലും അതിവിശാലമായ പ്രദേശം മുഴുവനും അവര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തിന് പുറത്തുള്ള ശക്തികളുടെ പങ്ക് തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയാത്ത സാഹചര്യമാണ്”- വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്നാണ് തോന്നുന്നതെന്നും എന്നാല്‍ അതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ബീരേന്‍ സിങ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ നീക്കം നാടകമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജിവെക്കുമെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെ നൂറുകണക്കിന് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടുകയും അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
പിന്നാലെ രാജിക്കത്തുമായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനിറങ്ങിയ അദ്ദേഹത്തെ അനുയായികള്‍ തടയുകയും രാജിക്കത്ത് കീറിക്കളയുകയും ചെയ്തിരുന്നു. പിന്നാലെയാണ് കലാപത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടാകാമെന്നും ചൈനയോ മ്യാന്മറോ ആകാം അതിന് പിന്നിലെന്നും സംശയമുന്നയിച്ച് ബീരേന്‍ സിങ് രംഗത്തെത്തിയിട്ടുള്ളത്.