ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനീക്കത്തെ പരിഹസിച്ച് ബി.ജെ.പി നേതാവും എ.കെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി.
സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ഇടത് മുന്നണിയും കോണ്‍ഗ്രസും കപട ഐക്യത്തിന് രൂപം നല്‍കി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അനില്‍ ആന്‍റണി ആരോപിച്ചു. കേരളം അടക്കമുള്ളിടത്തെ പ്രതിപക്ഷ ഐക്യം കടലാസില്‍ മാത്രം ഒതുങ്ങുന്നതാണെന്നും അനില്‍ ആന്‍റണി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ഐക്യമെന്നത് ലക്ഷ്യത്തിലോ പ്രത്യയശാസ്ത്രത്തിലോ ദിശയിലോ പൊതുവായി ഒന്നുമില്ലാത്ത ഏതാനും കക്ഷികളുടെ സ്വപ്നങ്ങള്‍ മാത്രമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പൊതുവായ എതിര്‍പ്പാണ് ഐക്യത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ജനവിധിയോടുള്ള പ്രതിപക്ഷത്തിന്റെ അവജ്ഞയാണ് ഇത് കാണിക്കുന്നതെന്നും അനില്‍ പറഞ്ഞു.
2014ലും 2019ലും ചരിത്രത്തിലെ വലിയ ജനവിധിയിലൂടെ രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു കേന്ദ്ര സര്‍ക്കാരാണെന്ന് ഈ പാര്‍ട്ടികള്‍ തിരിച്ചറിയുന്നില്ല. ഇവര്‍ക്ക് പ്രധാനമന്ത്രിയോടുള്ള വിദ്വേഷം ഒഴികെ പൊതുവായി എന്തുണ്ടെന്ന് അനില്‍ ചോദിച്ചു. മോദിക്കെതിരെ വ്യാജ ഐക്യത്തിന് ശ്രമിച്ച് ജനങ്ങളെ വിഡ്ഢികളാക്കാൻ അവര്‍ക്ക് കഴിയും. 2024ല്‍ ജനം മോദിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും അനില്‍ ആന്‍റണി പറഞ്ഞു.