ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ പരാക്രമവുമായി മുറിവാലന്‍ കൊമ്പന്‍. കഴിഞ്ഞ രാത്രി ഒന്‍പതരയോടെ റോഡിലെത്തിയ ആന അതുവഴി എത്തിയ വാഹനങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാത്രി ഒന്‍പതരയോടെ മൂന്നാറിലേക്ക് വരുകയായിരുന്ന യാത്രക്കാരാണ് മുറിവാലനെന്ന വിളിപ്പേരുള്ള കാട്ടാനയുടെ മുന്‍പില്‍ അകപ്പെട്ടത്.
മൂന്നാര്‍ – മാട്ടുപ്പെട്ടി റോഡിലെ ഷൂട്ടിങ്ങ് പോയിന്റിന് സമീപത്ത് ആനയെ കണ്ടതോടെ റോഡിന് ഇരുഭാഗത്ത് നിന്നും എത്തിയ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു. ഇതിലൊരു വാഹനം റോഡില്‍ നിലയുറപ്പിച്ച ആനയുടെ സമീപത്തുകൂടി വാഹനം എടുക്കാന്‍ ശ്രമിച്ചു. ഇതോടെ അക്രമാസക്തമായ കാട്ടാന വാഹനം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വാഹനം പിറകോട്ട് എടുത്തതോടെയാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മുറിവാലനുമൊത്ത് മൂന്ന് ആനകള്‍ ഷൂട്ടിങ്ങ് പോയിന്റിലെ പുല്‍മേടുകളില്‍ ഉണ്ടായിരുന്നു. വിനോദ സഞ്ചാരികള്‍ ആനകളെ നേരില്‍ കാണുകയും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തിയുമാണ് മടങ്ങിയത്. രാത്രിയായതോടെയാണ് ആനക്കൂട്ടം പതിയെ റോഡില്‍ കയറിയത്. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് മാട്ടുപ്പെട്ടി.
വൈകുന്നേരങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി ഇവിടുത്തെ പുല്‍മേടുകളില്‍ എത്തുന്നത് പതിവാണ്. ഭക്ഷണം യഥേഷ്ടം ഉള്ളതിനാല്‍ മറ്റ് അക്രമങ്ങള്‍ ഒന്നും ഉണ്ടാക്കാറില്ല. ചിന്നക്കനാല്‍, പന്നിയാര്‍ മേഖലകളില്‍ സജീവമായിട്ടുള്ള കാട്ടുകൊമ്പനാണ് മുറിവാലന്‍. വേനല്‍ കനക്കുന്നതോടെ ജനവാസ മേഖലകളിലേക്ക് എത്തുന്ന മുറിവാലന്‍ ഈ മേഖലയിലെ ഏറ്റവും അപകടകാരിയെന്നാണ് നിരീക്ഷണം. 7 പേരെയാണ് ഇതിനോടകം മുറിവാലന്‍ കൊലപ്പെടുത്തിയത്. 35 വയസ് പ്രായമുണ്ടെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം.