Breaking NewsIndiaLead NewsLIFENEWSNewsthen SpecialpoliticsReligionWorld

48 മണിക്കൂര്‍ കഴിട്ടും മോജ്തബ മൗനത്തില്‍; അധികാരം റവല്യൂഷനറി ഗാര്‍ഡുകളുടെ കൈയില്‍; നിയമനവും ഏകപക്ഷീയം; ഖമേനി മരിച്ച ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റെന്നും സൂചന; കടുത്ത ആശങ്ക പങ്കുവച്ച് ഇറാനിയന്‍ മതനേതാക്കള്‍

യഥാര്‍ത്ഥത്തില്‍ ആരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നതിലെ സംശയങ്ങള്‍ ശനിയാഴ്ചയോടെ അവസാനിച്ചു. ഗള്‍ഫ് രാജ്യങ്ങളോടുള്ള ആക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച പ്രസിഡന്റ് മസൂദ് പെഷെസ്‌കിയനെ ഗാര്‍ഡുകള്‍ തിരുത്തിച്ചു. അദ്ദേഹത്തിന്റെ ക്ഷമാപണത്തില്‍ മുതിര്‍ന്ന ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ കുപിതരായിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ദുബായ്: കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് മോജ്തബ ഖമേനിയെ ഇറാന്റെ പരമോന്നത നേതാവായി റവല്യൂഷണറി ഗാര്‍ഡുകള്‍ ഏകപക്ഷീയമായി തെരഞ്ഞെടുക്കുകയായിരുന്നെന്നു റിപ്പോര്‍ട്ട്. പിതാവിനെക്കാള്‍ തങ്ങളുടെ തീവ്രനിലപാടുകളെ പിന്തുണയ്ക്കുന്ന ആളെന്ന നിലയിലാണ് മോജ്തബയെ സൈന്യം കാണുന്നതെന്നും പ്രായോഗികമായി നിലപാടെടുത്തവരുടെ നിര്‍ദേശങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഇറാനിയന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ശക്തരായ ഗാര്‍ഡുകള്‍, യുദ്ധം ആരംഭിച്ചത് മുതല്‍ കൂടുതല്‍ സ്വാധീനം നേടിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിനോടുള്ള മുതിര്‍ന്ന രാഷ്ട്രീയ-മത നേതാക്കളുടെ എതിര്‍പ്പ് കാരണം പ്രഖ്യാപനം മണിക്കൂറുകളോളം വൈകിയിരുന്നുവെങ്കിലും ഗാര്‍ഡുകള്‍ പെട്ടെന്നു മറികടന്നെന്നും സോഴ്‌സുകള്‍ പറഞ്ഞു. അതേസമയം, മൊജ്തബയെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടതിനെ എതിര്‍ത്തവരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട്, ആയിരത്തിലധികം ഇറാനികള്‍ കൊല്ലപ്പെട്ട യുദ്ധത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം 48 മണിക്കൂര്‍ പിന്നിട്ടിട്ടും ചൊവ്വാഴ്ച വൈകുന്നേരം വരെ അദ്ദേഹം പ്രസ്താവനയൊന്നും നടത്തിയില്ല.

Signature-ad

ഗാര്‍ഡുകള്‍ ഏകപക്ഷീയ തെരഞ്ഞെടുപ്പ് വിദേശരാജ്യങ്ങളുടെ ആക്രമണാത്മകമായ നിലപാടുകള്‍ക്കും ആഭ്യന്തരമായി കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കും കാരണമായേക്കാമെന്ന് മൂന്ന് മുതിര്‍ന്ന ഇറാനിയന്‍ വൃത്തങ്ങളും ഒരു മുന്‍ പരിഷ്‌കരണവാദി ഉദ്യോഗസ്ഥനും മറ്റൊരു ഇന്‍സൈഡറും പറഞ്ഞു. വ്യവസ്ഥിതിക്ക് മേലുള്ള ഗാര്‍ഡുകളുടെ ആധിപത്യം ഇസ്ലാമിക് റിപ്പബ്ലിക്കിനെ വെറും മതപരമായ പരിവേഷം മാത്രമുള്ള ഒരു സൈനിക രാജ്യമാക്കി മാറ്റുമെന്ന് ഇവരില്‍ രണ്ടുപേര്‍ ചൂണ്ടിക്കാട്ടുന്നു.

ആക്രമണത്തില്‍ പരിക്കേറ്റതായി സൂചന

ദശകങ്ങളായി പിതാവിന്റെ ഓഫീസിന്റെ ചുമതലക്കാരനെന്ന നിലയില്‍ സ്വാധീനമുണ്ടെങ്കിലും, പല ഇറാനികള്‍ക്കും മൊജ്തബ ഇപ്പോഴും ഒരു നിഗൂഢ വ്യക്തിത്വമാണ്. തന്റെ പിതാവ് കൊല്ലപ്പെട്ട യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു.

‘റമദാന്‍ യുദ്ധ’ത്തിലെ ‘ജാന്‍ബാസ്’ (പരിക്കേറ്റ സൈനികന്‍) എന്നാണ് ഒരു സ്റ്റേറ്റ് ടെലിവിഷന്‍ അവതാരകന്‍ മൊജ്തബയെ വിശേഷിപ്പിച്ചത്. ഇത് വ്യാപകമായ കിംവദന്തികളെ ശരിവെക്കുന്നതായിരുന്നു. അതും – ഫെബ്രുവരി 28-ന് പിതാവിന്റെ കൊലപാതകത്തിന് ശേഷമുള്ള സുരക്ഷാ ഭീഷണികളുമാകാം – 88 അംഗ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ഞായറാഴ്ച വൈകി അദ്ദേഹത്തെ രാജ്യത്തിന്റെ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മൗനത്തിന് കാരണമെന്ന് കരുതപ്പെടുന്നു.

അധികാരം ഇപ്പോള്‍ പ്രകടമായും ഗാര്‍ഡുകളുടെയും പരമോന്നത നേതാവിന്റെ ഓഫീസായ ‘ബെയ്റ്റിന്റെയും’ (Beyt ) കൈകളിലാണ്. ഭരണസംവിധാനത്തിലുടനീളം സമാന്തരമായ സ്വാധീനം ബെയ്റ്റ് ചെലുത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ആരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നതിലെ സംശയങ്ങള്‍ ശനിയാഴ്ചയോടെ അവസാനിച്ചു. ഗള്‍ഫ് രാജ്യങ്ങളോടുള്ള ആക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച പ്രസിഡന്റ് മസൂദ് പെഷെസ്‌കിയനെ ഗാര്‍ഡുകള്‍ തിരുത്തിച്ചു. അദ്ദേഹത്തിന്റെ ക്ഷമാപണത്തില്‍ മുതിര്‍ന്ന ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ കുപിതരായിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ഗാര്‍ഡുകളാണ് ഇപ്പോള്‍ ഇറാന്‍ ഭരിക്കുന്നതെന്ന് പറഞ്ഞ മുതിര്‍ന്ന വൃത്തങ്ങളില്‍ ഒരാള്‍, അന്തരിച്ച അയത്തൊള്ള അലി ഖമേനിക്ക് സൈന്യത്തെ നിയന്ത്രിക്കാനും രാഷ്ട്രീയ-മത വിഭാഗങ്ങളുടെ കാഴ്ചപ്പാടുകളുമായി അവരെ സന്തുലിതമാക്കാനും കഴിഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ പുതിയ നേതാവ് അധികാരമേറ്റാലും ഭാവിയിലെ പ്രധാന തീരുമാനങ്ങളില്‍ ഗാര്‍ഡുകള്‍ക്കായിരിക്കും അവസാന വാക്ക് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഷിംഗ്ടണിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലക്‌സ് വതങ്ക പറഞ്ഞു: ‘മൊജ്തബ തന്റെ സ്ഥാനത്തിന് വിപ്ലവ ഗാര്‍ഡുകളോട് കടപ്പെട്ടിരിക്കുന്നു, അതിനാല്‍ പിതാവിനെപ്പോലെ ഒരു പരമാധികാരിയായിരിക്കില്ല അദ്ദേഹ’മെന്നും അലക്‌സ് പറഞ്ഞു.

ഖമേനിയെ പിന്തുണയ്ക്കാന്‍ ഗാര്‍ഡുകളുടെ കര്‍ശന സന്ദേശം

ഭരണഘടനയനുസരിച്ച് നേതാവിനെ തിരഞ്ഞെടുക്കേണ്ടത് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ആണ്. എന്നാല്‍ 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള രണ്ട് നേതൃതിരഞ്ഞെടുപ്പുകളിലും മറ്റ് അധികാര കേന്ദ്രങ്ങളുടെ ഉപദേശം അതിനെ സ്വാധീനിച്ചിട്ടുണ്ട്. 1989-ല്‍ അയത്തൊള്ള ഖൊമേനി അന്തരിച്ചപ്പോള്‍, സ്വാധീനശക്തിയുള്ള രാഷ്ട്രീയക്കാരനായ അലി അക്ബര്‍ ഹാഷിമി റഫ്‌സഞ്ജാനിയായിരുന്നു നിര്‍ണായക പങ്കുവഹിച്ചത്. ഖൊമേനി തന്റെ മരണക്കിടക്കയില്‍ ഖമേനിയുടെ പേര് മന്ത്രിച്ചതായി അദ്ദേഹം അസംബ്ലിയോട് പറഞ്ഞിരുന്നു.

ഇത്തവണ ഗാര്‍ഡുകളായിരുന്നു ആ റോള്‍ വഹിച്ചത്, അവരുടെ സന്ദേശങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരുന്നുവെന്ന് അഞ്ച് വൃത്തങ്ങളും പറഞ്ഞു. യുദ്ധസാഹചര്യത്തില്‍ വേഗത്തിലുള്ള നടപടികള്‍ വേണമെന്നും അമേരിക്കയെ വെല്ലുവിളിക്കുന്ന ഒരാളെ തിരഞ്ഞെടുക്കണമെന്നുമുള്ള വാദമാണ് ഗാര്‍ഡുകള്‍ ഉയര്‍ത്തിയത്.

സെമിനാരി നഗരമായ കോമിലെ (Qom) ഇവരുടെ ഹാള്‍ ബോംബിട്ടതിനാല്‍ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സിന് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്ത് യോഗം ചേരേണ്ടി വന്നു. ചില അംഗങ്ങള്‍ക്ക് പങ്കെടുക്കാനോ വോട്ടെടുപ്പിനെക്കുറിച്ച് അറിയാനോ പോലും കഴിഞ്ഞില്ലെന്ന് അംഗമായ അയത്തൊള്ള മൊഹ്സന്‍ ഹൈദാരി സ്റ്റേറ്റ് ടെലിവിഷനില്‍ പറഞ്ഞു. മൂന്നില്‍ രണ്ട് അംഗങ്ങളുടെ സാന്നിധ്യം (Quorum) തികഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കൃത്യമായി എത്രപേര്‍ പങ്കെടുത്തുവെന്ന് വ്യക്തമാക്കിയില്ല. പങ്കെടുത്തവരില്‍ 85-90% പേര്‍ മൊജ്തബയെ പിന്തുണച്ചു. പങ്കെടുക്കാത്തവര്‍ എത്രത്തോളം അദ്ദേഹത്തെ അനുകൂലിച്ചെന്നോ എതിര്‍ത്തെന്നോ വ്യക്തമല്ലെങ്കിലും, ഗാര്‍ഡുകള്‍ പ്രതീക്ഷിച്ചതുപോലെ ഒരു ഏകകണ്ഠമായ തീരുമാനം ഉണ്ടായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തീവ്ര നിലപാടുകളെക്കുറിച്ചുള്ള ആശങ്കകള്‍

പാരമ്പര്യമായി അധികാരം കൈമാറുന്നതിനോട് ഒരു കൂട്ടം അയത്തൊള്ളമാര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. ഈ തീരുമാനം ഭരണകൂടത്തിന്റെ പിന്തുണക്കാരെപ്പോലും അകറ്റുമെന്ന് രണ്ട് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി നടന്ന ചര്‍ച്ചകളില്‍ ചില മതപണ്ഡിതരും രാഷ്ട്രീയ നേതാക്കളും മറ്റൊരു പേര് മുന്നോട്ടുവയ്ക്കാന്‍ ശ്രമിച്ചിരുന്നു.

എന്നിരുന്നാലും, മൊജ്തബയുടെ അധികാരാരോഹണത്തെ വിമര്‍ശിച്ചവരെ ഗാര്‍ഡുകള്‍ ഭീഷണിപ്പെടുത്തിയതായി മുന്‍ പരിഷ്‌കരണവാദി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാര്‍ഡുകള്‍ അസംബ്ലി അംഗങ്ങളെ ബന്ധപ്പെട്ടതായും, ആദ്യം ചില എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും ഒടുവില്‍ അവര്‍ക്ക് പിന്തുണയ്ക്കേണ്ടി വന്നതായും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊജ്തബയുടെ നിയമനം ഞായറാഴ്ച രാവിലെ പ്രഖ്യാപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ കാരണം അത് വൈകിട്ട് മാത്രമാണ് നടന്നതെന്ന് അഞ്ച് വൃത്തങ്ങളും സ്ഥിരീകരിച്ചു. പിതാവിന്റെ കീഴില്‍ വര്‍ഷങ്ങളോളം ബെയ്റ്റിന്റെ തലവനായിരുന്നതിനാല്‍, വിപ്ലവ ഗാര്‍ഡുകളുമായി മൊജ്തബയ്ക്ക് അടുത്ത ബന്ധമുണ്ട്. പ്രത്യേകിച്ച് യുദ്ധത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ജനറല്‍മാര്‍ക്ക് പകരം വന്ന രണ്ടാം നിര കമാന്‍ഡര്‍മാരുമായി അദ്ദേഹത്തിന് വലിയ അടുപ്പമുണ്ട്. ഇതിന്റെ ഫലമായി ഇറാന്റെ വിദേശ-ആഭ്യന്തര നയങ്ങള്‍ കൂടുതല്‍ തീവ്രമായ ദിശയിലേക്ക് നീങ്ങുമെന്നും രാജ്യം പൂര്‍ണ്ണമായും ഗാര്‍ഡുകളുടെ നിയന്ത്രണത്തിലാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

#IranSuccession, #MojtabaKhamenei, #RevolutionaryGuardsControl, #IranSupremeLeader, #MiddleEastPolitics, #TehranUpdates, #Geopolitics, #IranConflict2026, #ReutersExclusive, #IslamicRepublic, #MilitaryStateIran, #Beyt, #AssemblyOfExperts, #USIranConflict

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: