ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ് പോലീസ് ഒളിവിലെന്നു പറഞ്ഞ് ലുക്കൗട്ട് നോട്ടീസ് അടിച്ചിറക്കി അരിച്ചുപെറുക്കി അന്വേഷിച്ചത് കൊല്ലപ്പെട്ടയാളെത്തന്നെ… ഡിഎൽഎ പരിശോധനയിൽ മരിച്ചത് നൂറനാട് സ്വദേശി അനിൽകുമാറെന്ന് സ്ഥിരീകരണം

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ കണ്ടെത്തൽ. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചയാളാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ
കണ്ടെത്തിയത്. അന്നു കൊല്ലപ്പെട്ടത് ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ആളുകേറാമലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും നൂറനാട് സ്വദേശി അനിൽകുമാറാണ് സംഭവത്തിലെ പ്രതിയെന്നുമാണ് പോലീസ് ഇതുവരെ കരുതിയിരുന്നത്. സംഭവസ്ഥലത്തിനടുത്ത പെട്രോൾ പമ്പിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി അനിൽകുമാറാണെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.പിന്നാലെ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഇയാൾ ഒളിവിലാണെന്നുമാണ് അന്വേഷണസംഘം പറഞ്ഞിരുന്നത്.
അതേസമയം, സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടും മരിച്ചയാളെ തിരിച്ചറിയാൻ കഴിയാതിരുന്നത് അന്നേ പോലീസിനെ കുഴക്കിയിരുന്നു. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിരുന്നു. പക്ഷെ ഇങ്ങനെയൊരാളെ കാണാതായതായി ഒരു പോലീസ് സ്റ്റേഷനിലും പരാതിയുണ്ടായിരുന്നില്ല. മാത്രമല്ല, സംശയമുള്ളവരുടെ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഇതിലും ഫലമുണ്ടായില്ല. മരിച്ചയാളെ തിരിച്ചറിയാനായി അയൽസംസ്ഥാനങ്ങളിലും പോലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിനിടെയാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ബന്ധുക്കളിൽനിന്നും പോലീസ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചത്. തുടർന്ന് സംശയത്തിന്റെ പേരിൽ ഈ സാമ്പിളുകൾ പരിശോധിച്ചതോടെയാണ് മരിച്ചത് പ്രതിയെന്ന് കരുതിയ ആൾ ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാൽ, അനിൽകുമാർ ജീവനൊടുക്കിയതാണെന്ന സംശയവുമുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 23-നാണ് പുനലൂർ- മൂവാറ്റുപുഴ ഹൈവേയോടു ചേർന്ന് പിറവന്തൂർ പഞ്ചായത്തിലെ വൻവിള വാർഡിലെ മുക്കടവ് ആളുകേറാമലയിൽ കൈകാലുകൾചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടത്. നെഞ്ചിൽ വലതുഭാഗത്തായി ആഴത്തിൽ കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടായിരുന്നു. ഇതിനടുത്തുനിന്നും കന്നാസ്, കത്രിക, ബാഗ് തുടങ്ങിയവയും ലഭിച്ചു. കൊലപാതകത്തിനുശേഷം മുഖം കത്തിച്ച് തെളിവുനശിപ്പിക്കാനുള്ള ശ്രമം നടത്തിയതായും പോലീസ് പറഞ്ഞിരുന്നു.






