പത്തനംതിട്ട: വാഹനപരിശോധനയുടെ പേരില്‍ നടുറോഡില്‍ കൊമ്പുകോര്‍ത്ത് എസ്ഐയും സിപിഎം ലോക്കല്‍ സെക്രട്ടറിയും. കോന്നി പ്രിന്‍സിപ്പല്‍ എസ്ഐ സാജു എബ്രഹാമും സിപിഎം അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി ദീദു ബാലനും തമ്മിലാണു വാക്കുതര്‍ക്കം ഉണ്ടായത്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. പിന്നാലെ സാജു ഏബ്രഹാമിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി.
ബുധനാഴ്ച ഉച്ചയ്ക്ക് തേക്കുതോട് ജങ്ഷനില്‍ എസ്ഐ വാഹന പരിശോധന നടത്തുന്നതിനിടെ ദീദു ബാലന് സ്ഥലത്തെത്തി. വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച് പോലീസ് വിവേചനം കാട്ടുന്നതായി ആരോപിച്ച് എസ്ഐയോട് കയര്‍ത്തു. എസ്ഐയും തിരിച്ച് പ്രതികരിച്ചതോടെ നടുറോഡില്‍ തര്‍ക്കം രൂക്ഷമായി. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും അനുനയിപ്പിച്ചത്.
അരുവാപ്പുലത്തെ ലോറികള്‍ക്ക്, എസ്.ഐ. സജു ഏബ്രഹാം പരിശോധന നടത്തുമ്പോള്‍ 34,000 മുതല്‍ 74,000രൂപ വരെയാണ് അമിത ഭാരംകയറ്റുന്നതിന് ഈടാക്കുന്നതെന്നും ഇതേ കുറ്റംചെയ്യുന്ന മറ്റ് ചില വാഹനങ്ങള്‍ക്ക് 250 രൂപ പിഴയില്‍ ഒതുക്കുന്നെന്നുമാണ് ദീദുവിന്റെ ആരോപണം. കഴിഞ്ഞ മാസാവസാനം വകയാറില്‍വെച്ചും ഇരുകൂട്ടരും തമ്മില്‍ ഇതേ പ്രശ്നത്തില്‍ തര്‍ക്കമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് സാജുവിനെ സ്ഥലം മാറ്റുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സജു ഏബ്രഹാം പത്തനംതിട്ടയിലേക്ക് മാറിയിരുന്നില്ല. ഇതിനിടെയാണ് ബുധനാഴ്ച വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായത്.