മലയാള ജനപ്രിയ സാഹിത്യത്തിലെ കുലപതിയായിരുന്ന മാത്യു മറ്റം വിട പറഞ്ഞിട്ട് 2023 മെയ് 29-ന് ഏഴ് വർഷങ്ങൾ പൂർത്തിയാകുന്നു.
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റുകളിൽ ഒരാളും ഒട്ടേറെ ജനപ്രിയ കഥകളുടെ സൃഷ്ടാവുമായിരുന്നു മാത്യുമറ്റം.ഉദ്വേഗവും ഹരംപിടിപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ നോവലുകളുടെ അടുത്ത ലക്കങ്ങൾക്കായി വായനക്കാർ ഓരോ ആഴ്ചയും ആകാംക്ഷഭരിതരായി കാത്തിരിക്കുമായിരുന്നു.
എൺപതുകളുടെ തുടക്കം. കേരളത്തിൽ ജനപ്രിയ നോവൽ സാഹിത്യത്തിന് നല്ല വേരോട്ടമുള്ള സമയമായിരുന്നു അത്.അക്കാലത്തെ മുടിചൂടാമന്നനായിരുന്നു മാത്യു മറ്റം.കോട്ടയത്തെ ജനപ്രിയ വാരികകളുടെ പ്രതിനിധികൾ അന്ന് നോവലുകൾക്കായി അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ക്യൂ നിൽക്കുമായിരുന്നു.കാരണം മാത്യുമറ്റത്തിന്റ നോവലുകളായിരുന്നു അന്നത്തെക്കാലത്ത് ഒരു വാരികയുടെ റേറ്റിംഗ് നിശ്ചയിച്ചിരുന്നത്.
കോട്ടയം ജില്ലയിലെ എരുമേലിക്കടുത്തുള്ള പമ്പാവാലിയിലായിരുന്നു മാത്യുമറ്റത്തിന്റെ ജനനം.ഒന്നര വയസ്സുള്ളപ്പോൾ അപ്പൻ മരിച്ചു.തുടർന്ന് എട്ടുമക്കളുമായി അമ്മ നടത്തിയ ജീവിതപോരാട്ടമായിരുന്നു മാത്യുമറ്റം മനസ്സിൽ കോറിയിട്ട ആദ്യ കണ്ണീർക്കഥ. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ അവിടെ വച്ചാണ് മാത്യുമറ്റം തന്റെ ആദ്യ നോവൽ എഴുതുന്നതും.വെൺകുറിഞ്ഞി സ്കൂളിൽ തന്നെ മലയാളം പഠിപ്പിച്ചിരുന്ന അധ്യാപകൻ ഒരു പുസ്തകം എഴുതിയപ്പോൾ എന്തുകൊണ്ട് തനിക്കും ആയിക്കൂടാ എന്ന ചിന്തയിൽ നിന്നായിരുന്നു ആ നോവൽ പിറന്നത്.
പമ്പാവാലിയിൽ അഴുതയാറിന്റെ തീരത്തിരുന്ന് എഴുതിയ ആ നോവലാണ്-കാട്ടാറും കന്യകയും.അന്ന് പഠനം എട്ടാം ക്ലാസിൽ.സ്വന്തമായിട്ടായിരുന്നു വിൽപ്പന.അത് തരക്കേടില്ലാതെ വിറ്റുപോയതോടെ എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധിച്ചു.പിന്നെ കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിൽ എത്തിയപ്പോഴും വിടാതെ എഴുത്ത് കൂടെ കൊണ്ടുനടന്നു.എങ്കിലും മംഗളം വാരിക ആരംഭിച്ചപ്പോൾ മുതലാണ് മാത്യുമറ്റത്തിനെ ജനങ്ങൾ കൂടുതലായി അറിയാൻ തുടങ്ങിയത്.മംഗളം സ്ഥാപക പത്രാധിപർ എം.സി.വർഗീസുമായുള്ള പരിചയമാണ് അതിന് വഴിതെളിച്ചതും.പിന്നെ മംഗളത്തിനും മാത്യുമറ്റത്തിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നത് ചരിത്രം.
ലക്ഷം വീട്, ചുരം, പ്രൊഫസറുടെ മകൾ, കരിമ്പ്, അൽപ്പം വൈകിപ്പോയി, ഒന്പതാം പ്രമാണം,ഓമനിക്കാൻ ഒരു നിമിഷം, നിശാഗന്ധി,ആലിപ്പഴം,അഞ്ചു സുന്ദരികൾ.. തുടങ്ങി ഒന്നിനുപിറകെ ഒന്നായി വമ്പൻ ഹിറ്റുകൾ മംഗളത്തിന്റെ താളുകളിലൂടെ പുറത്തു വരാൻ തുടങ്ങി.അതോടെ മംഗളത്തിന്റെ കോപ്പികൾ-ജനപ്രിയ സാഹിത്യ പ്രസിദ്ധീകരണങ്ങളിലെ നവാഗതരായിരിന്നിട്ടുകൂടി- ലക്ഷങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് കുതിച്ചും കയറി.അത് പതിനാറ് ലക്ഷത്തി എഴുപത്തയ്യായിരം കോപ്പികളും കടന്ന്(മംഗളത്തിന്റെ ഈ റെക്കോഡ് ഇന്നും ഇന്ത്യയിൽ തകർക്കപെടാതെ നിൽക്കുന്നു) മുന്നോട്ട് കുതിച്ചതോടെ മനോരമ വലവിരിച്ചു.അവർക്കുവേണ്ടി റൊട്ടി, പോലീസുകാരന്റെ മകൾ, രാത്രിയിൽ വിശുദ്ധരില്ല,മെയ്ദിനം,കൈവിഷം.. തുടങ്ങിയ നോവലുകൾ എഴുതി.
മംഗളം,മനോരമ,മനോരാജ്യം, ജനനി,താരാട്ട്,സഖി, സുനന്ദ,വന്ദന,കൺമണി.. തുടങ്ങി ഒമ്പതു വാരികകളിൽ ഒരേ സമയം അദ്ദേഹത്തിന്റെ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതും അക്കാലത്തെ ഒരു റെക്കോഡാണ്.
എട്ടാം ക്ലാസ്സ് മുതൽ ആരംഭിച്ച തന്റെ എഴുത്തു ജീവിതത്തിൽ മൊത്തം ഇരുന്നൂറ്റി അറുപത്തിയേഴ് നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്.ഇതിൽ കരിമ്പ്,മെയ്ദിനം എന്നിവ സിനിമയും ആലിപ്പഴം എന്ന നോവൽ സീരിയലുമായിട്ടുണ്ട്.
കോട്ടയം ജില്ലയിലെ എരുമേലി പമ്പാവാലി സ്വദേശിയായ മാത്യു ഹൈസ്കൂൾ പഠന കാലയളവിൽ കഥകളെഴുതി പുസ്തകമാക്കിയിരുന്നു. പിന്നീട് നോവൽ സാഹിത്യത്തിലേക്ക് തിരിഞ്ഞ മാത്യുമറ്റം മനോരമയും മംഗളവും അടക്കം ഒരേസമയം 13 വാരികകളിൽ വരെ നോവലുകളെഴുതിയിട്ടുണ്ട്.
കുടിയേറ്റ കർഷകരുടെയും പാർശ്വവൽകൃത ജനതയുടെയും പ്രശ്നങ്ങൾ ലളിതമായ ഭാഷയിലൂടെ അവതരിപ്പിച്ചപ്പോൾ മാത്യു മറ്റം വളരെപ്പെട്ടെന്ന് തന്നെ ആരാധകരേറെയുള്ള നോവലിസ്റ്റായി മാറി.
മംഗളം വാരികയിൽ 1970കളുടെ അവസാനം പ്രസിദ്ധീകരിച്ച കൊലപാതകം ഇതിവൃത്തമായ ‘കരിമ്പ്’ എന്ന നോവലിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്.ഹൗവ ബീച്ച്, ലക്ഷംവീട്, മേയ്ദിനം, അഞ്ചുസുന്ദരികൾ, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകൾ, തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ. കരിമ്പ്, മേയ്ദിനം എന്നീ നോവലുകൾ സിനിമയായി.ആലിപ്പഴം സീരിയലായി. 2016 മെയ് 29-ന് 65-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
അവസാനകാലം കോട്ടയം എം സി റോഡിന് സമീപം സംക്രാന്തി മാമ്മൂട്ടില്‍ വസതിയിലായിരുന്നു താമസം. 270ലേറെ നോവലുകള്‍ രചിച്ചിട്ടുണ്ട്.