KeralaNEWS

മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനം ഏതാണ് ?

ഴുതിക്കൊടുത്ത പല്ലവി ഒറ്റത്തവണ വായിച്ചതേയുള്ളൂ ഭരതൻ. പാട്ടെഴുത്തുകാരന്റെ ആകാംക്ഷാഭരിതമായ മുഖം നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “മതി, ഇതിലുണ്ട് എന്റെ കഥാപാത്രത്തിന്റെ മനസ്സ് മുഴുവൻ.”അത്ഭുതമായിരുന്നു പൂവച്ചൽ ഖാദറിനും ജോൺസണും; ആശ്വാസവും!
ഇഷ്ടപ്പെട്ട പല്ലവി ഒത്തുകിട്ടും വരെ ഗാനരചയിതാവിനേയും സംഗീത സംവിധായകനെയും `പിഴിയു’ ന്നതാണ് ഭരതന്റെ ശൈലി.മലയാളികളുടെ പുതുതലമുറ പോലും സ്നേഹപൂർവ്വം മൂളിനടക്കുന്ന “പാളങ്ങളി”ലെ (1982) ആർദ്രപ്രണയഗീതത്തിന്റെ പിറവി ആ “ഓക്കേ”യിൽ നിന്നായിരുന്നു.
 “ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി….” മലയാളിമനസ്സിൽ കാല്പനികതയും ഗൃഹാതുരത്വവും നിറയ്ക്കുന്ന ഭാവഗീതം.
വാണിജയറാമും ഉണ്ണിമേനോനും ചേർന്ന് പാടിയ ആ ഗാനം പടം പുറത്തിറങ്ങിയ കാലത്ത് അത്ര ഹിറ്റായിരുന്നില്ലെന്നോർക്കുന്നു പൂവച്ചൽ. “പക്ഷേ പതുക്കെ പതുക്കെ ആളുകൾ ആ പാട്ട് ഏറ്റെടുത്തു. പലരും അവരുടെ പ്രിയഗാനമായി ഏതോ ജന്മകൽപ്പനയിൽ എടുത്തുപറയുമ്പോൾ വലിയ സന്തോഷം തോന്നും. ഭരതേട്ടനെയും ജോൺസണെയും ഓർക്കും അപ്പോൾ; ഗാനം മനോഹരമായി ചിത്രീകരിച്ച രാമചന്ദ്രബാബുവിനെയും. അവർക്ക് കൂടി അവകാശപ്പെട്ടതാണല്ലോ ആ ഗാനത്തിന്റെ മഹത്വം.” പാട്ടിനിടയിൽ, മായുന്ന സൂര്യനെ സാക്ഷിയാക്കിയുള്ള നെടുമുടി വേണുവിന്റേയും സറീന വഹാബിന്റേയും “മാല കൈമാറ്റം” തനിക്കേറ്റവും പ്രിയപ്പെട്ട റൊമാന്റിക് ഷോട്ടുകളിൽ ഒന്നായി എടുത്തുപറയാറുണ്ടായിരുന്നു രാമചന്ദ്രബാബു. പാടി അഭിനയിച്ച പാട്ടുകളിൽ സറീനയ്ക്കും ഏറെ പ്രിയങ്കരം ഏതോ ജൻമകല്പനയിൽ ആയിരുന്നു.
സ്വന്തം സിനിമയിലെ സംഗീതത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട് ഭരതന്. ഗാനസന്ദർഭവും കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങളും മാത്രമല്ല ഷൂട്ട് ചെയ്യാനുദ്ദേശിക്കുന്ന ലൊക്കേഷന്റെ അന്തരീക്ഷം വരെ ഗാനസ്രഷ്ടാക്കൾക്ക് വിശദമായി വിവരിച്ചുകൊടുക്കും അദ്ദേഹം. “പാട്ട് ചിത്രീകരിക്കാൻ പോകുന്നത് ഷൊർണൂരിലാണെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്താണെന്നുമൊക്കെ നേരത്തെ തന്നെ പറഞ്ഞിരുന്നു ഭരതേട്ടൻ. പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും, നിന്നിൽ മോഹങ്ങൾ മഞ്ഞായ് വീഴും എന്ന് ചരണത്തിൽ എഴുതിയത് ആ അന്തരീക്ഷം ഉള്ളിൽ വെച്ചുകൊണ്ടാണ്. പ്രണയികളുടെ പാട്ടാണല്ലോ.”-പൂവച്ചൽ ഓർക്കുന്നു.
പൂവച്ചലും ജോൺസണുമൊന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു പാളങ്ങൾ. “തുറന്ന ജയിൽ” എന്ന സിനിമയിൽ പാട്ടൊരുക്കുമ്പോൾ താരതമ്യേന തുടക്കക്കാരനാണ് ജോൺസൺ. ദേവരാജൻ സ്കൂളിന്റെ പിന്മുറക്കാരൻ ആയതിനാലാവണം, പാട്ടെഴുതി ട്യൂൺ ചെയ്യാനായിരുന്നു അന്നദ്ദേഹത്തിന് താല്പര്യം. പക്ഷെ പാളങ്ങളിൽ കഥ മാറി. ആദ്യം ഈണമിട്ട് പാട്ടെഴുതിക്കുന്നതിലേക്ക് മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം. എങ്കിലും വരികളുടെ ആശയത്തിനും അർത്ഥഭംഗിക്കും തരിമ്പും പോറലേൽക്കാൻ പാടില്ല എന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. “ഈണത്തിന്റെ ചട്ടക്കൂടിൽ നിന്ന് പാട്ടെഴുതുമ്പോൾ എപ്പോഴും സന്ദർഭത്തിന് ഇണങ്ങുന്ന വാക്കുകൾ വീണുകിട്ടണം എന്നില്ല. എന്നാൽ ഈ പാട്ടിൽ കഥാഗതിയോട് ചേർന്നുനിൽക്കുന്ന വരികൾ എഴുതാൻ പറ്റി. “ഒരു നിമിഷം, ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായ്” എന്നും “തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും, കണ്ണിൽ നിർത്താതെ പൊള്ളും ഓരോ നോക്കും ഇടയുന്നു… ” എന്നുമൊക്കെ എഴുതാൻ കഴിഞ്ഞത് അതുകൊണ്ടാവാം.
ഏതോ ജന്മകൽപ്പനയിൽ എന്ന ഗാനം ഇത്രയേറെ ആരാധകരെ സൃഷ്ടിക്കുമെന്ന് പൂവച്ചലിനെ പോലെ ജോൺസണും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. “യേശുദാസും വാണിജയറാമും പാടിയ പൂകൊണ്ട് പൂമൂടി എന്ന ഗാനം ഹിറ്റാകുമെന്നായിരുന്നു പ്രതീക്ഷ.”– ജോൺസന്റെ വാക്കുകൾ ഓർക്കുന്നു. “ആ ഗാനം തന്നെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ പിൽക്കാലത്ത് ഏതോ ജന്മകൽപ്പനയിൽ ഒരു കൾട്ട് സോംഗ് ആയി മാറി എന്നതാണ് അത്ഭുതകരം. ഈണം മാത്രമല്ല വരികളും ആലാപനവും ഒക്കെ അതിന് സഹായിച്ചിരിക്കാം.
മുറതെറ്റാതെ മാസത്തിലൊരിക്കലെങ്കിലും പാതിരാത്രിക്ക് വിളിച്ചുണർത്തി “ഏതോ ജന്മകൽപ്പനയിൽ” ഫോണിലൂടെ പാടിക്കേൾപ്പിക്കാറുള്ള ഒരു വായനക്കാരനുണ്ടെനിക്ക്. രണ്ടെണ്ണം അകത്താക്കിയ ശേഷമുള്ള വികാരപ്രകടനം മാത്രമല്ല അത്. അകാലത്തിൽ വിടപറഞ്ഞ കൗമാരകാല കാമുകിയെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മ കൂടിയാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിട്ടും ഓരോ തവണയും ആ പാട്ട് കേൾക്കുമ്പോൾ നിശ്ശബ്ദമായി വിതുമ്പിപ്പോകാറുണ്ടെന്ന് പറയുന്നു അയാൾ. “മരണം വരെ ഈ പാട്ട് എന്നെ വിട്ടുപോകരുതേ എന്നാണെന്റെ പ്രാർത്ഥന.” ഒരു സിനിമാപ്പാട്ട് മനുഷ്യ ജീവിതത്തെ എത്രത്തോളം തീവ്രമായി സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം !
മലയാളിയുടെ പ്രിയഗായിക വാണി ജയറാമിനെ ഓർക്കുമ്പോൾ ഒറ്റനിമിഷം കൊണ്ടു നൂറായിരം ഗാനങ്ങൾ കാലാതീതമായി നമ്മുടെ മനസ്സിലൂടെ കടന്നു പോകും.പ്രണയത്തിന്റെയും പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും, ആനന്ദത്തിന്റെയും തിരുശേഷിപ്പുകളായി മാറിയ ഈണങ്ങൾ.അക്കൂട്ടത്തിൽ പ്രതീക്ഷയോടെ ജന്മാന്തരങ്ങളിലേക്കുള്ള  കാത്തിരിപ്പായിരുന്നു ആ ഗാനം. പൂവച്ചൽ ഖാദര്‍ എഴുതി ജോണ്‍സൺ മാസ്റ്റർ ഈണമിട്ട് 1982ൽ പുറത്തിറങ്ങിയ ‘പാളങ്ങൾ’ എന്ന ചിത്രത്തിലെ ‘ഏതോ ജന്മ കൽപനയിൽ….’ എന്നുതുടങ്ങുന്ന ആ ഗാനം.
വാണിയമ്മയുടെ മനോഹര ശബ്ദം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഒഴുകി. ഏതോജന്മ വീഥിയില്‍ ഇനിയും കാത്തിരിക്കുന്നവനെ കണ്ടുമുട്ടുമെന്ന പ്രണയിനിയുടെ പ്രതീക്ഷ.കൊതിച്ച പ്രണയം തേടിയുള്ള നിലയ്ക്കാത്ത യാത്ര.ഒടുവിൽ
ഒരു നിമിഷത്തെ സന്തോഷമായി അയാൾ എത്തുകയാണ്…

Back to top button
error: