തിരുവനന്തപുരം: നഗരത്തില്‍ 100 കിലോയോളം കഞ്ചാവുമായി നാലുപേരെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. സ്ത്രീയെയും കുട്ടികളെയും മറയാക്കി വാടകയ്ക്കെടുത്ത കാറിലായിരുന്നു കഞ്ചാവ് കടത്ത്. ചൊക്കന് രതീഷ് എന്നറിയപ്പെടുന്ന രതീഷ്, തിരുവല്ലം സ്വദേശി രതീഷ്, അഖില്‍, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ വിജയവാഡയില്‍നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
കേരളത്തിലെ വിവിധഭാഗങ്ങളില്‍ പോകാനാണെന്ന് പറഞ്ഞാണ് പ്രതികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്നോവ കാര്‍ വാടകയ്ക്കെടുത്തത്. കഴിഞ്ഞദിവസം വാഹന ഉടമ ജി.പി.എസ്. പരിശോധിച്ചപ്പോള്‍ കാര്‍ ആന്ധ്രയിലാണെന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചതായും കണ്ടെത്തി. ഇതോടെ സംശയം തോന്നിയ വാഹന ഉടമ എക്സൈസിനെ വിവരമറിയിച്ചു. തുടര്‍ന്ന് എക്സൈസും വാഹന ഉടമയും ജി.പി.എസ്. വഴി വാഹനം നിരീക്ഷിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വാഹനം കേരള അതിര്‍ത്തി കടന്നതോടെ എക്സൈസ് ഇവരെ പിന്തുടര്ന്നു.
കണ്ണേറ്റുമുക്കില്‍ ഭക്ഷണം കഴിക്കാനായി കാര്‍ നിര്‍ത്തിയ ഉടനെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയും രണ്ടുകുട്ടികളും കടന്നുകളഞ്ഞു. പ്രതികളില്‍ ഒരാളുടെ ഭാര്യയും കുട്ടികളുമാണ് കൂടെയുണ്ടായിരുന്നതെന്നാണ് സൂചന. എക്സൈസ് സംഘം വാഹനത്തിനടുത്തേക്ക് എത്തുന്നുവെന്ന് കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.