പണ്ടുകാലത്ത് നാം ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ചിരുന്നത് മൺ പാത്രങ്ങളായിരുന്നു.ആഹാരം പാചകം ചെയ്യാൻ മാത്രമല്ല,കുടിക്കാനുള്ള വെള്ളം പോലും സൂക്ഷിച്ചിരുന്നത് മൺകൂജകളിലുമായിരുന്നു.പിന്നീട് അടുക്കളകൾ മാറി.അതിന്റെ സ്റ്റാറ്റസിനനുസരിച്ചുള്ള പാത്രങ്ങളും വന്നു.മണ്ണുമായുള്ള ബന്ധം വിട്ടതോടെ നാം രോഗികളുമായി തീർന്നു.
അലുമിനിയം, നോൺസ്റ്റിക് പാത്രങ്ങൾ പോലെ ആരോഗ്യത്തിനു ഹാനികരമായ യാതൊന്നും മൺപാത്രങ്ങളിൽ അടങ്ങുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം.മൺപാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ചെറിയ തീയിൽ പാകം ചെയ്യാൻ ശ്രദ്ധിക്കണം.ഇതിൽ പാചകപ്രക്രിയ മെല്ലെ സംഭവിക്കുന്നതിനാൽ ആഹാരസാധനങ്ങളുടെ പോഷകം നഷ്ടപ്പെടുന്നില്ല. മൺപാത്രങ്ങളിൽ ചൂട് നിലനിൽക്കുന്നതിനാൽ ഭക്ഷണ സാധനങ്ങൾ 80 ശതമാനം വേവ് ആയിക്കഴിഞ്ഞാൽ തീ അണയ്ക്കാം.പാത്രത്തിന്റെ ചൂട് കൊണ്ട് ബാക്കി വെന്തുകൊള്ളും. അങ്ങനെ പാചകവാതകം ലാഭിക്കുകയുമാകാം.
പാത്രങ്ങൾ വാങ്ങിയതിനു ശേഷം മയപ്പെടുത്തി വേണം ഉപയോഗിക്കാൻ.മയപ്പെടുത്താൻ പാത്രത്തിൽ കഞ്ഞിവെള്ളം ഒഴിച്ചോ കുടംപുളിയിട്ടോ ചെറുതീയിൽ നന്നായി തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കണം. ഉണങ്ങിക്കഴിഞ്ഞ് അകത്തും പുറത്തും വെളിച്ചെണ്ണ പുരട്ടിയെടുക്കണം. അതിനുശേഷം പാത്രത്തിൽ അൽപം തേങ്ങ വറുത്തെടുക്കുന്നതും നല്ലതാണ്.
പാചകം ചെയ്തതിനു ശേഷം പാത്രം ഒരിക്കലും ചൂടോടെ കഴുകുകയോ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുകയോ ചെയ്യരുത്. പാത്രത്തിന്റെ ചൂടാറിയതിനു ശേഷം മാത്രമേ കഴുകാവൂ. മൺപാത്രങ്ങൾ ഒരിക്കലും ഡിഷ്‌വാഷിങ് സോപ്പുപയോഗിച്ച് കഴുകരുത്.പാത്രത്തിലെ സുഷിരങ്ങൾ സോപ്പ് വലിച്ചെടുക്കും. ൺപിന്നീട് പാത്രം ചൂടാകുമ്പോൾ ഇത് പുറത്തേക്കു വന്ന് ഭക്ഷണത്തിൽ കലരും. സോപ്പില്ലാതെ സ്ക്രബർ ഉപയോഗിച്ച് ഉരച്ച് ചൂടുവെള്ളത്തിൽ കഴുകിയെടുക്കാം. ആവശ്യമെങ്കിൽ ബേക്കിങ് സോഡയും നാരങ്ങാനീരും ഇട്ടുരച്ച് കഴുകിയെടുക്കാം.
കഴുകി ഉണക്കി വേണം പാത്രം സൂക്ഷിക്കാൻ.കഴുകാൻ മെറ്റൽ സ്ക്രബർ ഉപയോഗിക്കരുത്. വെയിലത്തു വച്ച് ഉണക്കാം. അതുമല്ലെങ്കിൽ അടുപ്പിൽ വച്ച് ഈർപ്പം കളയാം. പാത്രത്തിൽ നനവുണ്ടെങ്കിൽ പൂപ്പൽ വരും.ആഴ്ചയിലൊരിക്കൽ മൺപാത്രങ്ങൾ വെയിലത്തു വച്ച് ഉണക്കുന്നത് നല്ലതാണ്.
മറ്റ് സ്റ്റീൽ, നോൺ-സ്റ്റിക്ക് പാചക പാത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കളിമൺ പാത്രങ്ങൾക്ക് വില വളരെ കുറവുമാണ്.മൺപാത്രങ്ങളിൽ വയ്ക്കുന്ന ആഹാരസാധനങ്ങൾ അത്രപെട്ടെന്ന് അഴുക്കാകുകയുമില്ല.അതിനാൽ തന്നെ ഫ്രിഡ്ജിന്റെ ഉപയോഗം വഴിയുള്ള കറന്റ് ചാർജ്ജും ലാഭം.