ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന ‘ക്ലാസിക്കല്‍ ഡെങ്കിപ്പനി’, രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ ‘ഡെങ്കി ഹെമറാജിക് ഫീവര്‍’, രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന ‘ഡെങ്കിഷോക് സിന്‍ഡ്രോം’ എന്നിവയാണിവ.
വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. ഇത്തരം കൊതുകുകളുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, ശരീര വേദന, സന്ധികളിലും പേശികളിലും വേദന, വിട്ടുമാറാത്ത ക്ഷീണം, തൊലിപ്പുറത്തെ ചുവന്ന പാടുകൾ, ഓക്കാനവും ഛർദിയും തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
കൊതുകിനെ തുരത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വീടിന് ചുറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. അതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിൻറെ പരിസരത്ത് ചിരട്ട, ടിൻ തുടങ്ങിയ സാധനങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം.
- വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ എല്ലാം തന്നെ അടച്ചുവയ്ക്കണം. കിണറുകൾ ക്ലോറിനേറ്റു ചെയ്യണം.
- കൊതുക് അകത്തേക്ക് കയറാതിരിക്കാൻ ജനലുകളിലും വലയിടുന്നത് നല്ലതാണ്.
- ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളിൽ കിടത്തുവാൻ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂർണമായും തടയാനാകും.
- രാത്രി ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.
- വീടിനുപുറത്ത് കിടന്നുറങ്ങാതിരിക്കുക. കുട്ടികളെ നിർബന്ധമായും കൊതുകുവലയ്ക്കുള്ളിൽ തന്നെ കിടത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
- കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക.
- കൊതുകുതിരികൾ, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങൾ തുടങ്ങിവ കൊതുക് കടിയിൽ നിന്നും ഒരു പരിധിവരെ സംരക്ഷണം നൽകും.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.