തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിനിമയിലും സീരിയലിലും പോലീസുകാര്‍ അഭിനയിക്കുന്നതിനെതിരെ നടപടിയുമായി ഡിജിപി അനില്‍കാന്ത്. അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് 2015ല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. അപേക്ഷ സമര്‍പിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുന്‍പായി കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഡിജിപി നടപടികള്‍ കര്‍ശനമാക്കിയത്.
കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ 1960 ലെ 48 ാം വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ പാടില്ല. കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് പ്രത്യേക അപേക്ഷ സമര്‍പിച്ച് സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. സര്‍ക്കാര്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കും.
ടേഖപാലീസ് വകുപ്പില്‍ ജോലി നോക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ സമര്‍പിച്ചശേഷം മുന്‍കൂര്‍ അനുമതി ലഭിക്കുന്നതിനു മുന്‍പ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതായി ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. അഭിനയിക്കുന്നതിന് അനുമതിക്കായി ഉദ്യോഗസ്ഥര്‍ പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കണം. അഭിനയിക്കാനായി പോകേണ്ട തീയതിക്ക് ഒരു മാസം മുന്‍പ് യൂണിറ്റ് മേലധികാരിയുടെ ശിപാര്‍ശ ഉള്‍പ്പെടുത്തി പോലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കണം. ഇങ്ങനെ ചെയ്യാത്ത ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.