കോട്ടയം: കോൺഗ്രസ് സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് 30ന് തുടക്കമാകും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ വൈക്കത്ത് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കൾ നയിക്കുന്ന വിവിധ പ്രചരണ ജാഥകൾ കേരളത്തിന്റെ വിവിധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിന്നാരംഭിച്ച് സമ്മേളന നാഗരിയായ വൈക്കത്ത് ടി.കെ. മാധവൻ നഗറിൽ എത്തി ചേരും. പ്രചരണ ജാഥകളോടാനുബന്ധിച്ചു വിവിധ നവോത്ഥാന സമ്മേളനങ്ങൾ പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
കെപിസിസി വർക്കിംഗ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന കേരള നവോത്ഥാന സ്മൃതിജാഥ, കെപിസിസി വർക്കിംഗ് പ്രസിഡൻറ് ടി.സിദ്ധിഖ് നയിക്കുന്ന മലബാർ നവോത്ഥാനനായക ഛായാചിത്ര ജാഥ, എംഎം ഹസ്സൻ നയിക്കുന്ന മഹാത്മജി ഛായാചിത്ര ജാഥ, ഇ.വി.കെ.എസ്. ഇളങ്കോവൻ എം.എൽ.എ. നയിക്കുന്ന വൈക്കം വീരർ ഛായാചിത്ര ജാഥ, ആൻറോ ആൻറണി നയിക്കുന്ന വൈക്കം സത്യാഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ജാഥ എന്നിവ 29ന് വെെക്കുന്നേരം വെെക്കത്ത് എത്തിച്ചേരും. അടൂർ പ്രകാശ് എംപി നയിക്കുന്ന അയിത്തോച്ചാടന ജ്വാലാപ്രയാണം 30ന് സമ്മേളന നഗരിയായ ടി.കെ.മാധവൻ നഗറിൽ ജ്വാല തെളിയിക്കും. ഇതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.
വെെകുന്നേരം 3ന് വെെക്കത്ത് സംസ്ഥാനതല പൊതുസമ്മേളനം ആരംഭിക്കും. കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി അധ്യക്ഷത വഹിക്കും. എ.ഐ.സി.സി സംഘടനാ ചുമതല ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ, ഇ.വി.കെ.എസ്. ഇളങ്കോവൻ, രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, എ.ഐ.സി.സി ഭാരവാഹികൾ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, ഡിസിസി പ്രസിഡൻറുമാർ എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് കെ.പി.സി.സി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ വി.പി.സജീന്ദ്രൻ, കൺവീനർ എം.ലിജു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു