ദില്ലി: ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു. വെസ്റ്റ് ദില്ലിയിലെ വികാസ്പുരിയിൽ മാർച്ച് 24നാണ് സംഭവം. ലിഫ്റ്റിലേക്ക് കയറുന്നതിന് മുമ്പ് വാതിലടഞ്ഞതിനാൽ കുട്ടി വാതിലിനും ചുമരിനും ഉള്ളിൽ പെട്ട് മരിക്കുകയായിരുന്നു. വികാസ്പുരിയിൽ ഫ്ലാറ്റിലെ അലക്കുജോലിക്കാരിയാണ് മരണപ്പെട്ട ആൺകുട്ടിയുടെ മാതാവ്. മാതാവിനെ കാണാൻ ഫ്ലാറ്റിലെത്തിയ കുട്ടി ലിഫ്റ്റിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ലിഫ്റ്റ് പൊങ്ങുകയും ലിഫ്റ്റില്‍ കയറാൻ ശ്രമിച്ച കുട്ടി കുടുങ്ങുകയുമായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവ് പറ്റിയതിനാൽ വികാസ്മ പുരിയിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഫ്ളാറ്റിലെ വസ്ത്രങ്ങൾ ശേഖരിച്ചു കടയിൽ കൊണ്ടുവന്ന് വൃത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതാണ് ജോലി. മൂന്നാം നിലയിൽ വസ്ത്രങ്ങൾ ശേഖരിക്കുകയായിരുന്നു മാതാവ്. ഈ സമയം കുട്ടി ലിഫ്റ്റിൽ അങ്ങോട്ട് പോവുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടാവുന്നത്. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ ഗ്യാൻഷ്യാം ബൻസാൽ പറഞ്ഞു. രാജസ്ഥാനിലെ ആൽവാർ സ്വദേശികളാണ് ഇവർ. കഴിഞ്ഞ 25 വർഷമായി ദില്ലിയാണ് താമസിച്ചുവരുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കുട്ടി. 11 വയസ്സുള്ള ഒരു പെൺകുട്ടി കൂടി ദമ്പതികൾക്കുണ്ട്.