ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്പെന്ഷന്. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം.ജിഷമോളെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസമാണ് ജിഷമോളെ കള്ളനോട്ട് കേസില്‍ പോലീസ് പിടികൂടിയത്.
ജിഷമോളില്‍നിന്ന് കിട്ടിയ നോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ജിഷമോളെ പരിചയമുള്ള മത്സ്യബന്ധനസാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴു കള്ളനോട്ടുകളുമായി ബാങ്കിലെത്തിയത്. നോട്ടുകള്‍ നല്‍കിയത് ജിഷമോളാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയതോടെ ഇവരെ പോലീസ് ചോദ്യംചെയ്യുകയായിരുന്നു. എന്നാല്‍, ഏറെനേരം ചോദ്യംചെയ്തിട്ടും കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കൃഷി ഓഫീസര്‍ തയ്യാറായില്ലെന്നാണ് വിവരം. ഇതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെടുത്തിട്ടില്ല.
അതേസമയം, ജിഷമോളെ കള്ളനോട്ടുനല്‍കി മറ്റൊരെങ്കിലും കെണിയില്‍പ്പെടുത്തിയതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ആലപ്പുഴ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷമോള്‍ മോഡലിങ് രംഗത്തും സജീവമാണ്. ഒട്ടേറെ ഫാഷന്‍ഷോകളില്‍ ജിഷമോള്‍ പങ്കെടുത്തിട്ടുണ്ട്. ബി.എസ്.സി. അഗ്രിക്കള്‍ച്ചറല്‍ ബിരുദധാരിയായ ഇവര്‍ നേരത്തെ എയര്‍ഹോസ്റ്റസായി ജോലിചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2009-ല്‍ സ്പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായി. പിന്നീട് മൂവാറ്റുപുഴയില്‍ വി.എച്ച്.എസ്.ഇ. ട്യൂട്ടറായി. 2013-ലാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്.