തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിന്റെ ക്ഷണം ഗൗരവമുള്ളതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുനീറിന് മുന്നണിയിലേക്ക് ക്ഷണിക്കാനുള്ള അവകാശമുണ്ട്. ബാക്കി കാര്യം പിന്നെ പറയാമെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ചേരിക്കൊപ്പം സിപിഐ നിലകൊള്ളണമെന്നാണ് എംകെ മുനീര്‍ ആവശ്യപ്പെട്ടത്. കേരളത്തില്‍ സിപിഐ യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണം. ദേശീയതലത്തില്‍ മതേതര ചേരിയുടെ പ്രാധാന്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോഴും മനസിലാക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ സിപിഐ കശ്മീരില്‍ പങ്കെടുത്തിട്ടുണ്ട്. മതേതര ചേരി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇടതുപക്ഷത്തും ഉണ്ട്. അവര്‍ ഇനി തെരഞ്ഞെടുപ്പ് സമയത്ത് എങ്ങനെയാകും പ്രതികരിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോഴും മതേതര ചേരിയുടെ പ്രാധാന്യം മനസിലാക്കുന്നില്ല. സിപിഐക്ക് ഇടതുമുന്നണിക്ക് പുറത്തു വന്നും മത്സരിക്കാമല്ലോ. രാഹുല്‍ ഗാന്ധിക്ക് കൈ കൊടുത്തു കൊണ്ട് ജോഡോ യാത്രയുടെ സമയത്ത് അവര്‍ സ്വീകരിച്ച നിലപാട് അതാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.