ഹോങ്കോങ്: മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ മുന്ഭര്ത്താവടക്കം നാലു പേര് പിടിയില്‍. ഫാഷന്‍ മാഗസിന് ‘എല്‍ ഒഫീഷ്യല്‍ മൊണാക്കോ’യുടെ ഡിജിറ്റല്‍ കവറില്‍ കഴിഞ്ഞ ആഴ്ച പ്രത്യക്ഷപ്പെട്ട 28 വയസുകാരിയായ എബി ചോയിയാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ചയാണ് എബിയെ കാണാതായത്. വെള്ളിയാഴ്ച ഉച്ചയോടെ ഹോങ്കോങ് തായ് പോ ജില്ലയിലെ ഒരു കശാപ്പ് യൂണിറ്റില്‍ നിന്ന് അധികൃതര്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍, ഒരു ഇറച്ചി സ്ലൈസര്‍, ഒരു ഇലക്ട്രിക് കട്ടര്‍, കുറച്ച് വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തി. മുന്‍ഭര്‍ത്താവിന്റെ പിതാവ് വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് മോഡലിന്റെ രണ്ടു കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്. മോഡലിന്റെ മുന്‍ ഭര്‍തൃപിതാവിനെയും മുന്‍ ഭര്‍ത്താവിനെയും മറ്റ് രണ്ട് പേരെയും വെള്ളിയാഴ്ച നഗരത്തിന്റെ പുറം ദ്വീപുകളിലൊന്നായ തുങ് ചുങ്ങിലെ ഒരു കടവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച, 100 ഓളം ഉദ്യോഗസ്ഥര്‍ സെംഗ് ക്വാന്‍ ഒ സെമിത്തേരിയില്‍ തിരച്ചില്‍ നടത്തി. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയെന്നും ചോയിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പോലീസ് ട്രാക്കിംഗ് നായ്ക്കളെ അയച്ചുവെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചോയിയുടെ ശേഷിക്കുന്ന ശരീരഭാഗങ്ങള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ മുന്‍ ഭര്‍ത്താവിനെയും സഹോദരനെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റ് ചെയ്യുമ്പോള്‍, മുന്‍ ഭര്‍ത്താവിന്റെ പക്കല്‍ 63,695 ഡോളറും 4 ദശലക്ഷം ഹോങ്കോങ്ങ് ഡോളര്‍ വിലമതിക്കുന്ന നിരവധി ആഡംബര വാച്ചുകളും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാള്‍ക്ക് ഹുങ് ഹോം പോലീസ് സ്റ്റേഷനില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോങ്കോങ്ങിലെ പ്രശസ്ത മോഡലായ ചോയി, കഴിഞ്ഞ മാസം ഫ്രാന്‍സിലെ പാരീസില്‍ നടന്ന എലീ സാബ് സ്പ്രിംഗ് സമ്മര്‍ 2023 ഹൗട്ട് കോച്ചര്‍ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 100,000 ഫോളോവേഴ്സുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് ചോയി. മുന്‍ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ ചോയിക്ക് ഒരു മകളും മകനുമുണ്ട്. ഇവരെ ചോയിയുടെ അമ്മയുടെ സംരക്ഷണത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു.