NEWSWorld

സ്‌കൂളില്‍ പോകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കി; വെളിപ്പെടുത്തലില്‍ നടുങ്ങി ഇറാന്‍

ടെഹ്റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ ആസൂത്രികതമായ ശ്രമം നടക്കുന്നുവെന്ന് ആരോപണം. ആരോഗ്യ സഹമന്ത്രി യൂനീസ് പഹാനിയാണ് രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നതിനായി തെക്കന്‍ ടെഹ്റാനിലെ ക്വോം നഗരത്തില്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്ക് ചിലര്‍ വിഷം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നവംബര്‍ മാസം മുതലാണ് നീക്കം ശ്രദ്ധയില്‍പ്പെടുന്നത്. നൂറുകണക്കിന് പെണ്‍കുട്ടികളാണ് ശ്വാസ കോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ക്വോം നഗരത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലാണ് പ്രശ്നം കണ്ടുവരുന്നത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാന്‍ ചിലര്‍ ബോധപൂര്‍വ്വം വിഷം നല്‍കുകയാണെന്ന് ആരോഗ്യ സഹമന്ത്രി യൂനിസ് പഹാനി പരോക്ഷമായി സ്ഥിരീകരിക്കുകയായിരുന്നു. ”പെണ്‍കുട്ടികള്‍ക്ക് ചിലര്‍ മനപ്പൂര്‍വ്വം വിഷബാധയേല്‍പ്പിക്കുകയും ക്വാമിലെ സ്‌കൂളുകള്‍ പൂട്ടാന്‍ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്, പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ നീക്കം നടക്കുന്നത്”- ആരോഗ്യ സഹമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തതായി റിപ്പോര്‍ട്ടില്ല.

തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ അസുഖബാധിതരാകുന്നതില്‍ അസ്വഭാവികതയുണ്ടെന്നും അധികൃതര്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 14-ാം തീയതി മാതാപിതാക്കള്‍ പ്രതിഷേധം നടത്തിയിരുന്നു. രഹസ്യാന്വേഷണ വിഭാഗവും ആരോഗ്യ വകുപ്പും അന്വേഷണം നടത്തിവരികയാണെന്നായിരുന്നു സര്‍ക്കാര്‍ വക്താവ് അലി ബഹദോരിയുടെ വിശദീകരണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് പിടികൂടിയ 22 വയസുകാരിയ മഹ്സ അമ്നിയുടെ മരണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് ഇറാനില്‍ നടന്നുവരുന്നത്. മഹസയുടെ മരണത്തിന് പിന്നാലെ ആരംഭിച്ച പ്രക്ഷേഭം ഇറാനില്‍ ഇപ്പോഴും തുടരുകയാണ്.

 

 

 

Back to top button
error: