കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ്. കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പരാതിക്കാരി ഇമെയിൽ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് അഭിഭാഷകനായ സൈബി ജോസിൻറെ വിശദീകരണം. ഇമെയിൽ വിശദാംശങ്ങൾ അടക്കം മുഴുവൻ തെളിവും ഹൈക്കോടതിക്ക് കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങൾ ആണെന്നും സൈബി ജോസ് പറഞ്ഞു.
കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് സൈബി ജോസിൻറെ വിശദീകരണം. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് ഹൈക്കോടതിയുടെ നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാൽ, ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിർദ്ദേശിച്ചു.
എന്നാൽ ഉണ്ണിമുകുന്ദൻറെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. കേസ് 17 ന് വീണ്ടും പരിഗണിക്കും.