വികാരഭരിതയായി ഹൻസിക, വിവാഹത്തിന്റെ അസുലഭ സുന്ദര മുഹൂർത്തങ്ങളുമായി “ഹൻസികാസ് ലവ് ശാദി ഡ്രാമ”; ടീസർ പുറത്ത്
തെന്നിന്ത്യയിലുൾപ്പെടെ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഹൻസിക. 2022 ഡിസംബർ നാലിന് ജയ്പൂരിൽ വെച്ചായിരുന്നു ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയാണ് ഹൻസികയുടെ വിവാഹ വേദിയായത്. വിവാഹത്തിനു മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് വികാരാധീനയായി സംസാരിക്കുന്ന ഹൻസികയെ ടീസറിൽ കാണാം. ആരുടെയും ഭൂതകാലത്തിലേക്ക് ചികഞ്ഞ് നോക്കരുതെന്നൊരു സന്ദേശവും വിഡിയോയിലെ നടി നൽകുന്നു. സന്തോഷകരമായ നിമിഷങ്ങളോടെയാണ് പ്രമൊ ആരംഭിച്ചതെങ്കിലും, മാതാപിതാക്കളെ വിട്ട് പോകുന്നതിനെക്കുറിച്ചുള്ള വിഷമകരമായ നിമിഷങ്ങളെക്കുറിച്ച് ഏറെ വികാരഭരിതയായാണ് നടി സംസാരിക്കുന്നത്. വിവാഹച്ചടങ്ങുകൾ കൂടാതെ ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്.
ബ്രൈഡൽ ഷവർ, സൂഫി എന്നിവയും വിവാഹത്തോട് അനുബന്ധിച്ച് നടന്നിരുന്നു. വിവാഹ ദിവസം വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും സംഘടിപ്പിച്ചിരുന്നു. പാരീസിലെ ഈഫൽ ഗോപുരത്തിന് മുന്നിൽ വച്ചാണ് സുഹൈൽ നടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഹൻസിക തന്നെയാണ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. രണ്ട് വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തേക്ക് എത്തിച്ചത്.