തിരുവനന്തപുരം: അതിഥി തൊഴിലാളികൾ തിങ്ങി നിറഞ്ഞ തിരുവനന്തപുരത്തെ അനധികൃത ലേബര്‍ ക്യാമ്പിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം, ക്യാമ്പ് അടച്ചുപൂട്ടാൻ ഉത്തരവ്. ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും ലേബര്‍ കമ്മിഷണര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. ചാല പ്രധാന തെരുവില്‍ അതിഥി തൊഴിലാളികള്‍ തിങ്ങിക്കൂടി താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയശേഷമാണ് നിര്‍ദേശം നല്‍കിയത്.
മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും മന്ത്രിയുടെ സംഘം പരിശോധിച്ചു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണം ഉണ്ടെങ്കില്‍ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എന്‍ജിനീയറോട് നിര്‍ദേശിച്ചു. കെട്ടിടത്തില്‍ ലൈസന്‍സ് ഇല്ലാത്ത കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി.
അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റര്‍സ്‌റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മാന്‍ ആക്ട് 1979 പ്രകാരം കോണ്‍ട്രാക്ടര്‍ക്ക് ലേബര്‍ കമീഷണറേറ്റ് നോട്ടീസ് നല്‍കും. അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും ലേബര്‍ കമീഷണറേറ്റ് കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദേശം നല്‍കി.