തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം സംബന്ധിച്ച വിവാദത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചിന്ത ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പുനപ്പരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുന്‍ പിവിസി പിപി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഇടപെടൽ.
ചിന്ത ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്നു പകര്‍ത്തിട്ടുള്ളതാണെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്ന് പകര്‍ത്തിയത് കണ്ടെത്താന്‍ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍, ക്രമക്കേടുകള്‍ക്ക് വിസി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഉത്തരവാദികളാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ക്രമക്കേടുകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നുണ്ട്. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധിക്കുക. എന്നാൽ, നല്‍കിയ പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സര്‍വകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല.