CrimeNEWS

ശ്രദ്ധ വാൽക്കർ വധക്കേസിൽ കുറ്റപത്രം തയാർ; മൂവായിരം പേജുകൾ, നൂറു സാക്ഷിമൊഴികൾ…

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വാൽക്കർ കൊലപാതകക്കേസിൽ കുറ്റപത്രം തയാർ. നിർണായകമായ ഇലക്ട്രോണിക്, ഫൊറൻസിക് തെളിവുകൾ, നർക്കോട്ടിക് പരിശോധന ഫലം തുടങ്ങിയവ ഉൾപ്പെടുന്ന മൂവായിരം പേജുള്ള കുറ്റപത്രമാണ് ഡൽഹി പോലീസ് തയാറാക്കിയത്. നിയമവിദഗ്ധരുടെ പരിശോധനയ്ക്കുശേഷം ഈ മാസമൊടുവിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. 100 സാക്ഷികളുടെ മൊഴികൾ, പ്രതി അഫ്താബ് പൂനെവാലയുടെ കുറ്റസമ്മത മൊഴി, നാർകോ പരിശോധനാഫലം തുടങ്ങിയവയും കുറ്റപത്രത്തിലുണ്ട്.
2022 മേയ് 18-നാണ് പങ്കാളിയായ ശ്രദ്ധ വാൽക്കറെ അഫ്താബ് പൂനെവാല അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി പ്രതി ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിന്നീട് ഓരോ ദിവസങ്ങളായി മൃതദേഹാവശിഷ്ടങ്ങൾ ഡൽഹി മെഹ്‌റൗളിയിലെ വനമേഖലയിൽ ഉപേക്ഷിക്കുകയായിരുന്നു. മകളെക്കുറിച്ച് യാതൊരു വിവരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബറിൽ ശ്രദ്ധയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് അരുംകൊലയുടെ വിവരം പുറംലോകമറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അഫ്താബ് പൂനെവാല അറസ്റ്റിലാകുന്നത്.
പൊലീസ് നടത്തിയ തെളിവെടുപ്പിൽ വനമേഖലയിൽനിന്ന് ചില അസ്ഥികൾ കണ്ടെടുത്തിരുന്നു. ഇത് കൊല്ലപ്പെട്ട ശ്രദ്ധയുടേതാണെന്ന് ഡിഎൻഎ. പരിശോധനയിൽ സ്ഥിരീകരിച്ചു. മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോൾ, ഡേറ്റിങ് ആപ്പിലൂടെയാണ് അഫ്താബും ശ്രദ്ധയും പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും. പിന്നീട് ഇവർ ഒരുമിച്ച് താമസിച്ചു. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവർ ഡൽഹിയിലേക്കു താമസം മാറുകയായിരുന്നു. തുടർന്ന് ശ്രദ്ധയെ അ‌ന്വേഷിച്ച് പിതാവ് ഡൽഹിയിലെത്തിയെങ്കിലും വീട് അ‌ടച്ചിട്ട നിലയിലായിരുന്നു. ഇതോടെ സംശയം തോന്നിയാണ് പോലീസിൽ പരാതി നൽകിയത്.

Back to top button
error: