CrimeNEWS

ലോസ് ആഞ്ചലസ് വെടിവയ്പ്: ഏഷ്യന്‍ വംശജനായ അക്രമി പോലീസ് വളഞ്ഞപ്പോള്‍ സ്വയം വെടിവച്ച് മരിച്ചു

ലോസ് ഏഞ്ചല്‍സ്: ചൈനീസ് പുതുവത്സരാഘോഷത്തിനിടെ 10 പേരെ വെടിവച്ചു കൊന്ന അക്രമിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഏഷ്യന്‍ വംശജനായ ഹൂ കാന്‍ ട്രാന്‍ (72) എന്നയാളെയാണ് വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് വളഞ്ഞതോടെ ഇയാള്‍ സ്വയം നിറയൊഴിക്കുകയായിരുന്നു.

ലോസ് ഏഞ്ചല്‍സിലെ മോണ്ടെറേ പാര്‍ക്കില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.20 നായിരുന്നു (ഇന്ത്യന്‍ സമയം ഞായര്‍ രാവിലെ 11.50 ) സംഭവം. ചൈനീസ് പുതുവര്‍ഷ ആഘോഷത്തിനായി ഒത്തുകൂടിയവര്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ആക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ അക്രമിക്കായുള്ള തെരച്ചില്‍ സുരക്ഷാ ഏജന്‍സികള്‍ ആരംഭിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറെടുപ്പു തുടങ്ങി. അക്രമിയുടെ വാന്‍ വളതോടെ ഉള്ളില്‍നിന്ന് വെടിയൊച്ച മുഴങ്ങി. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചെന്ന് പോലീസ് വ്യക്തമാക്കി.

ഇയാള്‍ ഒറ്റയ്ക്കാണ് കൂട്ടക്കൊല നടത്തിയതെന്നും കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ലോസ് ഏഞ്ചലസിന് 13 കിലോമീറ്റര്‍ കിഴക്കാണ് മോണ്ടറേ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ ഏകദേശം 61,000 ത്തോളം വരുന്ന ജനസംഖ്യയില്‍ 65 ശതമാനവും ഏഷ്യന്‍ വംശജരാണ്. ഈ വര്‍ഷം യു.എസിലുണ്ടായ ഏറ്റവും വലിയ കൂട്ടവെടിവയ്പാണിത്. കഴിഞ്ഞ വര്‍ഷം ഏകദേശം 647 കൂട്ടവെടിവയ്പുകള്‍ യു.എസിലുണ്ടായെന്നാണ് ഗണ്‍ ആന്‍ഡ് വയലന്‍സ് ആര്‍ക്കൈവ് വെബ്‌സൈറ്റിന്റെ കണക്ക് വ്യക്തമാക്കുന്നത്. അതേസമയം, അമേരിക്കയിലെ ലൂയീസിയാനയിലെ നൈറ്റ് ക്ലബില്‍ വെടിവയ്പുണ്ടായി. ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

Back to top button
error: