ലഖ്‌നൗ: അയല്‍വാസി പൂച്ചയെ മോഷ്ടിച്ചെന്ന സംശയത്തില്‍ മിണ്ടാപ്രാണികളോട് ക്രൂരത. അയല്‍വാസിയുടെ 30 പ്രാവുകളെ വിഷം കൊടുത്തു കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് അതിക്രൂരമായ പ്രവൃത്തി അരങ്ങേറിയത്. പക്ഷിസ്‌നേഹിയായ വാരിസ് അലിക്കാണ് തന്റെ 78 പ്രാവുകളില്‍ 30 എണ്ണത്തിനെ നഷ്ടമായത്. അയല്‍വാസിയായ ആബിദ് ആണ് പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.
താന സാദര്‍ ബസാറിലെ മൊഹല്ല അമന്‍സായില്‍ ചൊവ്വാഴ്ചയാണ് സംഭവം. ആബിദിന്റെ പൂച്ചയെ കാണാതായിരുന്നു. അയല്‍വാസിയായ വാരിസ് അലി പൂച്ചയെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയെന്നായിരുന്നു ആബിദ് കരുതിയത്. ഇതിനു പ്രതികാരം ചെയ്യാനായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വാരിസിന്റെ പ്രാവുകള്‍ക്ക് നല്‍കി. വിഷം കലര്‍ന്ന തീറ്റ കഴിച്ച് 30 പ്രാവുകള്‍ ചത്തു. നിരവധി എണ്ണത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. അതേസമയം, കാണാതായ പൂച്ച വൈകാതെ തിരിച്ചെത്തി.
വാരിസ് പൂച്ചയെ മോഷ്ടിച്ചെന്ന സംശയത്തിലാണ് ആബിദിന്റെ ക്രൂരമായ പ്രവൃത്തിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ആബിദിനെതിരെ ഐപിസി സെക്ഷന്‍ 428 പ്രകാരമാണ് കേസെടുത്തത്. ചത്ത പ്രാവകളെ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി.