പത്തനംതിട്ട: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവം 21 മുതല്‍ 28 വരെ നടക്കും. 21ന് ക്ഷേത്രത്തില്‍ ചൂട്ടുവയ്പോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കുളത്തൂര്‍ കരക്ക് വേണ്ടി പുത്തൂര്‍ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങല്‍ കരയ്ക്ക് വേണ്ടി കടൂര്‍ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ട് വയ്ക്കുന്നത്. ക്ഷേത്രത്തില്‍ പടയണിക്ക് തുടക്കം കുറിക്കുന്ന സുപ്രധാനമായ ചടങ്ങാണ് ചുട്ടുവയ്പ്.
ദേവി സന്നിധിയില്‍ പ്രാര്‍ഥിച്ച് സന്നിഹിതരായ സകലകരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി, കരനാഥന്മാര് ചൂട്ട് വെക്കുമ്പോള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് പടയണി ആരംഭിക്കും. 22 ന് ചൂട്ടുവലത്ത്, 23, 24, ഗണപതി കോലം, 25, 26 അടവി പള്ളിപ്പാന. 27, 28 തീയതികളിൽ വലിയ പടയണിയും നടക്കും.
പടയണിയുടെ സുഗമമായ നടത്തിപ്പിനായി എംഎല്‍എ , ജനപ്രതിനിധികള്‍,ആര് ഡി ഒ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, പടയണി സംഘം,ദേവസ്വം പ്രതിനിധികള്‍, അടക്കമുള്ളവര്‍ പങ്കെടുത്ത ഏകോപന സമിതി യോഗം നടന്നു. വിശ്വാസപരമായും ചരിത്രപരമായും സാംസ്കാരികപരമായും വളരെ പ്രാധാന്യമര്‍ഹിക്കുന്ന കോട്ടങ്ങള്‍ പടയണി കാണുവാന്‍ ഒഴുകിയെത്തുന്ന ഭക്തജനങ്ങള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.