ടാലന്റില്‍ കോലിയെ കടത്തിവെട്ടി മുന്നേറുമോ വൈഭവ്? എന്റൊരു ടാലന്റ് എന്നു സോഷ്യല്‍ മീഡിയ; സച്ചിനുമായും താരതമ്യം; ഇളകി മറിഞ്ഞ് ആരാധകര്‍

ഇന്ത്യ ആറാം തവണയും അണ്ടര്‍ 19 ലോകകപ്പ് നേടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരനാണ്. ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തില്‍ 175 റണ്‍സുമായി കിരീടത്തേക്കാള്‍ ഉയരത്തിലാണീ കൊച്ചുപയ്യന്. ലോകത്തെ ഒന്നാംനിര ബോളര്‍മാരെ തച്ചുതകര്‍ത്ത് ഐപിഎല്ലില്‍ ചരിത്രം കുറിച്ച കൗമാരക്കാരന്. അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തോടെ വൈഭവിന്റെ ടാലന്റ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ഐപിഎല്ലില്‍ അരങ്ങേറിയപ്പോഴും സെഞ്ചറി നേടിയപ്പോഴുമെല്ലാം കണ്ണഞ്ചി നിന്നവര്‍ പോലും വൈഭവിന്റെ യഥാര്‍ഥ ടാലന്റില്‍ അത്ര വിശ്വസിച്ചിരുന്നില്ല. ഭാഗ്യംകൊണ്ടുകൂടിയാകാം പയ്യന്റെ അടിയെന്നാണു പലരും കരുതിയത്. പക്ഷേ ഭാഗ്യം കൊണ്ടുമാത്രം തൊട്ടതെല്ലാം പൊന്നാക്കാന്‍ ഒരു പതിനാലുകാരന് കഴിയുമോ? ഓരോ ഫോര്‍മാറ്റിലും ഒന്നിനൊന്ന് മെച്ചമായി തിളങ്ങുകയാണ് വൈഭവ്. ടെസ്റ്റായാലും എകദിനമായാലും ടി20 ആയായാലും വൈഭവ് ക്രീസിലെത്തിയാല്‍ അടുത്ത റെക്കോര്‍ഡ് പ്രതീക്ഷിക്കാമെന്നായി സ്ഥിതി.
ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുടെ ബെഞ്ച്മാര്‍ക്ക് ഇപ്പോഴും സച്ചിന് തെണ്ടുല്‍ക്കറാണ്. അതു കഴിഞ്ഞാല്‍ വിരാട് കോലിയും. ടെണ്ടുല്‍ക്കറുമായി തട്ടിച്ചുനോക്കാന്‍ ചെക്കന് ആയിട്ടില്ലെന്നാണ് ക്രിക്കറ്റ് ദൈവത്തിന്റെ ആരാധകരുടെ നിലപാട്. പക്ഷേ ഈ പ്രായത്തില്‍ കോലി എങ്ങനെ കളിച്ചുവെന്നും അതിനെക്കാള്‍ മുന്നിലല്ലേ വൈഭവ് എന്നും ചര്‍ച്ച മുറുകിക്കഴിഞ്ഞു.
2006-2008 കാലയളവില്‍ പതിനേഴാം വയസിലാണ് കോലി അണ്ടര്‍ 19 ടീമില്‍ മിന്നിത്തിളങ്ങിയത്. 2008ല്‍ ഏകദിനടീമിലേക്കും 2010ല്‍ ട്വന്റി-20 ടീമിലേക്കും ഒരുവര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമിലേക്കും വിളിയെത്തി. എന്നാല്‍ വൈഭവ് പതിനാലാം വയസില്‍ത്തന്നെ അണ്ടര്‍ 19 ദേശീയ ടീമിലും ഐപിഎല്ലിലുമെല്ലാം കത്തിക്കയറുകയാണ്. കോലി അണ്ടര്‍ 19 കളിച്ച പ്രായമെത്തുമ്പോള്‍ പയ്യന് ഏതെല്ലാം റെക്കോര്‍ഡുകള്‍ കടപുഴക്കും എന്നുമാത്രമേ കാണേണ്ടതുള്ളു. പ്രായവ്യത്യാസവും പ്രകടനവും കൊണ്ടുതന്നെ സൂര്യവംശിയുടെ തട്ട് അല്‍പ്പം താണുതന്നെ നില്ക്കും.
അണ്ടന്‍ 19 ദേശീയ ടീമിനുവേണ്ടി വെറും 20 ഇന്നിങ്സുകളില്‍ വൈഭവ് അടിച്ചുകൂട്ടിയത് 1047 റണ്‍സ്. കോലിക്ക് 978 റണ്‍സെടുക്കാന്‍ 25 ഇന്നിങ്സ് വേണ്ടിവന്നു. ഇരുവരുടെയും ബാറ്റിങ് ശൈലിയിലും അപാര വ്യത്യാസമുണ്ട്. 156.06 സ്ട്രൈക്ക് റേറ്റില്‍ 54 ശരാശരിയിലാണ് സൂര്യവംശിയുടെ ബാറ്റിങ് എങ്കില്‍ 46.57 ശരാശരിയില്‍ 85.56 മാത്രമാണ് കോലിയുടെ സ്ട്രൈക്ക് റേറ്റ്. ടെംപോ കണ്ട്രോളും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും, ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതുമാണ് കോലിയുടെ ഗെയിം പ്ലാനെങ്കില്‍ ആദ്യപന്ത് മുതല്‍ ആക്രമിച്ച് കളിച്ച് ബോളര്‍മാരെ നിലംപരിശാക്കുകയാണ് സൂര്യവംശിയുടെ ശൈലി. ഇതുകൊണ്ട് തന്നെ ബൗണ്ടറി കിംഗ് എന്ന ഓമനപ്പേരും ഇതിനകം സൂര്യവംശി നേടിക്കഴിഞ്ഞു.
അണ്ടര്‍ 19ല്‍ മാത്രമല്ല രഞ്ജി ട്രോഫിയിലും സയദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്ലിലുമെല്ലാം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് വൈഭവ് സൂര്യവംശി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചറി ഉള്‍പ്പെടെ ലോകറെക്കോര്‍ഡുകള്‍ പലതും പയ്യന്‍സ് തകര്‍ത്തെറിഞ്ഞു. ദേശീയടീമിലേക്കുള്ള വിളിയാണ് ഇനി വരാനുള്ളത്. വരുന്ന ഐപിഎല്‍ സീസണ് അതിനും വഴിതുറന്നേക്കും. അറ്റാക്കിങ് ഗെയിം നിലനിര്‍ത്തുന്നതിനൊപ്പം എതിരാളികളുടെ തന്ത്രങ്ങള്‍ മനസിലാക്കി അഡാപ്റ്റ് ചെയ്യാനുള്ള കോലി മാജിക് കൂടി കൈവരിക്കാന്‍ കഴിഞ്ഞാല്‍ വൈഭവ് കോലിക്കും അപ്പുറം പോകും.
ഒരുപക്ഷേ ക്രിക്കറ്റ് ദൈവത്തിനും മേലെ എത്താം. കളത്തിലും പുറത്തുമുള്ള അച്ചടക്കമാണ് അതില്‍ ഏറ്റവും പ്രധാനം എന്ന് രാഹുല്‍ ദ്രാവിഡിനെയും കുമാര്‍ സംഗക്കാരയെയും പോലുള്ള ഇതിഹാസങ്ങള്‍ വൈഭവിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. അത് നെഞ്ചേറ്റാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വൈഭവ് യുഗം ആരംഭിക്കാന്‍ അധികകാലമില്ല.






