Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

‘പ്രത്യാഘാതം ഗുരുതരം’; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; നയതന്ത്ര ബന്ധം പുനരാരംഭിച്ചതിനു പിന്നാലെ കടുത്ത നടപടി; കപ്പല്‍പട അവിടെത്തന്നെ ഉണ്ടെന്ന് ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്

ന്യൂയോര്‍ക്ക്: നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്റെ നടപടി.

ഇറാനുമായി വാണിജ്യപരമായി ഇടപഴകുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. എത്ര ശതമാനം നികുതി ചുമത്തും എന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും 25 ശതമാനം ഉദാഹരണമായി സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ഉത്തരവിനെ പറ്റി സംസാരിച്ചില്ല. മറിച്ച് ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.

Signature-ad

ഒമാനില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുവ തീരുമാനം. ”ഇറാനുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തി. ഇറാന് ഞങ്ങളുമായി കരാറിലെത്തണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. അത് എന്തായിരിക്കുമെന്ന് നമുക്ക് കാണാം” എന്നാണ് ട്രംപ് പറഞ്ഞത്.

അതേസമയം, ചര്‍ച്ച പരാജയപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെ പറ്റിയും ട്രംപ് സൂചിപ്പിച്ചു. ‘ഞങ്ങളുടെ അര്‍മാഡ (കപ്പല്‍പട) അവിടെയുണ്ട്. മറ്റൊരു കപ്പല്‍പ്പട അതേദിശയിലേക്ക് നീങ്ങുന്നു. അത് ഉടനെ അവിടെ എത്തിച്ചേരും. അതുകൊണ്ട് എന്താണ് നടക്കുകയെന്ന് ഉടനെ കാണാം” എന്നാണ് ട്രംപ് പറഞ്ഞത്. അടുത്ത ആഴ്ച ആദ്യം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ കരാറിലെത്തിയില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ക്കറിയാം. അതു ഗുരുതരമായിരിക്കും എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: