തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അമ്പലമുക്ക് വിനീത കൊലക്കേസിൽ കൊല്ലപ്പെട്ട വിനീതയുടെ മക്കള്‍ക്ക് ഇനി സുരക്ഷിതമായി വിനീതത്തിൽ അന്തിയുറങ്ങാം. അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകിയത് സി പി എം പഴകുറ്റി ലോക്കല്‍ കമ്മിറ്റിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ വീടിന്റെ താക്കോൽ കൈമാറി. വിനീതയുടെ ഭർത്താവ് നേരത്തെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.
സ്വന്തമായി കിടപ്പാടം പോലുമില്ലാതിരുന്ന കുടുംബത്തിന് മൂന്നു സെന്റ് സ്ഥലം കരിപ്പൂർ പുലിപ്പാറ പറമ്പള്ളിക്കോണത്ത് വാങ്ങിയ ശേഷമാണ് 700-സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായ വീട് നിര്‍മ്മിച്ചത്. അമ്മയുടേയും അച്ഛന്റേയും അകാല മരണത്തോടെ അനാഥമായിപ്പോയ ബാല്യമാണ് അക്ഷയ്കുമാറിന്റേതും അനന്യയുടേതും. ഹൃദയാഘാതമായിരുന്നു അച്ഛന്‍ കുമാറിന്റെ മരണത്തിനിടയാക്കിയത്. ഭര്‍ത്താവിന്റെ മരണത്തോടെയാണ് വിനീത കുടുംബം പോറ്റാനായി അമ്പലംമുക്കിലെ ചെടിത്തോട്ടത്തില്‍ ജോലിക്കു പോയത്. ഇവിടെവച്ചാണ് തമിഴ്‌നാട്ടുകാരനും കൊടുംകുറ്റവാളിയുമായ രാജേന്ദ്രന്‍ സ്വര്‍ണ്ണമാല മോഷ്ടിക്കാനായി വിനീതയെ ക്രൂരമായി കുത്തിക്കൊന്നത്.
2022 ഫെബ്രുവരി ആറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തമിഴ്നാട്ടില്‍ നിന്നാണ് പ്രതി രാജേന്ദ്രന്‍ പൊലീസ് പിടിയിലാകുന്നത്. സംഭവങ്ങള്‍ക്കുശേഷം കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ സി.പി.എം പഴകുറ്റി ലോക്കല്‍കമ്മിറ്റി മുന്നിട്ടിറങ്ങിയാണ് ഇവര്‍ക്ക് വീടെന്ന സ്വപ്‌നം ഒരുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കിയത്. പൂര്‍ണ്ണമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിൻ്റെ താക്കോൽ ഇന്നലെ പുലിപ്പാറ ചാരുവള്ളിക്കോണത്ത് വച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റർ കൈമാറി. ചടങ്ങില്‍ സി പി എം ജില്ലാ സെക്രട്ടറി വി ജോയി എം എൽ എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി പി മുരളി, നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.