കറുപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ധാരാളം പേരുള്ള നാടാണ് നമ്മുടെ കേരളം. കഴിവുണ്ടായിട്ടും നിറം കറുപ്പായതിന്റെ പേരില്‍ മുഖ്യധാരയില്‍ നിന്നും അവര്‍ അകറ്റപ്പെട്ടിരുന്നു. എന്നാല്‍ കറുപ്പും വെളുപ്പും വെറും നിറങ്ങളാണെന്ന് തിരിച്ചറിയുന്ന പുതിയ തലമുറ പ്രതീക്ഷയാണ്. പല തെറ്റായ കാഴ്ച്ചപ്പാടുകള്‍ക്കും നേരെ അവര്‍ തുറന്നടിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയാണ്. അത്തരത്തില്‍ ഫോട്ടോഗ്രാഫി മേഖലയിലും വലിയൊരു വിപ്ലവത്തിന് തിരി തെളിയിച്ചിരിക്കുകയാണ് വിനോദ് ഗോപിയെന്ന ചെറുപ്പക്കാരന്. നിമിഷ അശോക് എന്ന യുവനടിയെ മോഡലാക്കി വിനോദ് ഗോപി ഒരുക്കിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
പലപ്പോഴും മോഡലെന്നാല്‍ വെളുത്തവര്‍ എന്നു കൂടി ചേര്‍ത്ത് വായിക്കപ്പെടേണ്ട അവസ്ഥയുള്ള നാടായിരുന്നു നമ്മുടേത്. എന്നാല്‍ അവിടേക്കാണ് നിമിഷയെന്ന് പെണ്‍കുട്ടിയുടെ കറുപ്പിന്റെ സൗന്ദര്യവുമായി വിനോദ് ഗോപിയും കൂട്ടരും എത്തിയത്. മോഡല്‍ ഫോട്ടോ ഷൂട്ട് എന്നതിനപ്പുറത്തേക്ക് ചിത്രങ്ങള്‍ വ്യക്തമായ രാഷ്ട്രീയം കൂടി സംസാരിക്കുന്നുണ്ട്. അല്ലെങ്കില്‍ അത്തരത്തിലുള്ള കൃത്യമായ രാഷ്ട്രീയ ബോധത്തോടെയാണ് വിനോദ് ഗോപിയും സംഘവും പുതിയ വര്‍ക്കുമായി എത്തിയത്. ചലച്ചത്ര താരം സാനിയ അയ്യപ്പനെ മോഡലാക്കി ഇതേ സംഘം ചെയ്ത ഫോട്ടോ ഷൂട്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
നിമിഷയുടെ ചിത്രങ്ങള്‍ മലയാളസിനിമയിലെ പ്രശസ്തരായ താരങ്ങളടക്കം ഷെയര്‍ ചെയ്തിരുന്നു. പൃത്വിരാജ് നായകനാവുന്ന ജനഗണമന എന്ന ചിത്രത്തിലാണ് നിമിഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കറുപ്പിന്റെ പേരില്‍ പിന്നോട്ട് മാറി നില്‍ക്കേണ്ടി വന്നവര്‍ക്കും, അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും, സ്വയം അപകര്‍ഷതബോധം പേറി ജീവിക്കുന്നവര്‍ക്കും മുന്നോട്ട് വരാനുള്ള ഊര്‍ജമാണ് ഈ ചിത്രങ്ങളിലൂടെ ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിക്കുന്ന വ്യാപക സ്വീകാര്യതയും കമന്റുകളും ഇതാണ് സൂചിപ്പിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മലയാള സിനിമയിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നരസിംഹ സ്വാമിയാണ് ഫോട്ടോ ഷൂട്ടിന്റെ മേക്കപ്പ് നിര്‍വ്വഹിച്ചിരിക്കുന്നത്