SportsTRENDING

ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ടുണീഷ്യ

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍ അട്ടിമറി. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ടുണീഷ്യ ഒരു ഗോളിന് മലര്‍ത്തിയടിച്ചപ്പോള്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തി. അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാന്‍സ് ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ അന്‍റോണിയോ ഗ്രീസ്‌മാന്‍ നേടിയ ഗോളില്‍  സമനില നേടിയതിന്‍റെ ആശ്വാസത്തിലായെങ്കിലും വാര്‍ പരിശോധനയില്‍ ഗ്രീസ്‌മാന്‍ നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. ഇതോടെയാണ് ടുണീഷ്യയുടെ അട്ടിമറിവിജയം സാധ്യമായത്.

തോറ്റെങ്കിലും ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്ന് കളികളില്‍ നാലു പോയന്‍റുമായി ടുണീഷ്യയും മൂന്ന് കളികളില്‍ ഒരു പോയന്‍റ് മാത്രം നേടിയ ഡെന്‍മാര്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താെതെ പുറത്തായി.ലോകകപ്പില്‍ ഇതാദ്യമായാണ് ടുണീഷ്യ ഒരു യൂറോപ്യന്‍ രാജ്യത്തെ തോല്‍പ്പിക്കുന്നത്. അത് നിലവിലെ ലോക ചാമ്പ്യന്‍മാരായത് അവര്‍ക്ക് ഇരട്ടി മധുരമായി.

Signature-ad

നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍ ടുണീഷ്യക്കെതിരെ ആദ്യ ഇലവനില്‍ ഒമ്പത് മാറ്റങ്ങളുമായാണ് ഫ്രാന്‍സ് ഇറങ്ങിയത്. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയെയും അന്‍റോണിയോ ഗ്രീസ്മാനെയെുമെല്ലാം കരക്കിരുത്തി കളത്തിലറങ്ങിയ ഫ്രാന്‍സിനെ ടുണീഷ്യ ആദ്യ പകുതിയില്‍ ഗോളടിക്കാതെ പിടിച്ചു നിര്‍ത്തി. രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ വാഹ്‌ബി ഖാസ്റിയാണ് ടുണീഷ്യയുടെ വിജയഗോള്‍ നേടിയത്.

ടുണീഷ്യ ഗോളടിച്ചോടെ രണ്ടാം പകുതിയില്‍ എബാപ്പെയെയും ഗ്രീന്‍സ്‌മാനെയുമെല്ലാം ഫ്രാന്‍സ് കളത്തിലിറക്കിയെങ്കിലും സമനില ഗോള്‍ മാത്രം കണ്ടെത്താന്‍ ഫ്രാന്‍സിനായില്ല. എന്നാല്‍ ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷങ്ങളില്‍ അഭിമാനം നിലനിര്‍ത്താന്‍ ഫ്രാന്‍സ് കൈ മെയ് റന്നു പൊരുതി. സമ്മര്‍ദ്ദത്തില്‍ ആടിയുഞ്ഞെങ്കിലും ടുണീഷ്യ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാല്‍ അവരുടെ ഹൃദയം തകര്‍ത്ത് കളി തീരാന്‍ 30 സെക്കന്‍ പോലും ബാക്കിയില്ലാത്തപ്പോള്‍ ഫ്രാന്‍സ് ഗ്രീസ്മാനിലൂടെ ഗോള്‍ മടക്കി. വീണ്ടും കളി തുടരാന്‍ ഇരിക്കെ റഫറി വാര്‍ പരിശോധന നടത്തി. ഇതില്‍ ഗ്രീസ്മാന്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ  ടുണീഷ്യ ഐതിഹാസിക വിജയമാഘോഷിച്ചു.

ഗ്രൂപ്പ് ഡിയിലെ മറ്റൊരു നിര്‍ണായക പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് അട്ടിമറിച്ച് ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തി. ഗോള്‍രഹിതമാ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ മാത്യു ലെക്കിയാണ് ഓസ്ട്രേലിയയുടെ വിജയഗോള്‍ നേടിയത്. ജയിച്ചാല്‍ മാത്രമെ ഡെന്‍മാര്‍ക്കിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ടായിരുന്നുള്ളു.16 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

Back to top button
error: