ന്യൂഡല്‍ഹി: രാജ്യസഭാ എം.പിയായ ഒളിമ്പ്യന്‍ പി.ടി. ഉഷ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയാകും. കഴിഞ്ഞ ദിവസമായിരുന്നു ഉഷ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പിപ്പച്ചത്.
പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചിരിക്കെ മറ്റാരും തന്നെ മത്സരത്തിനായി നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടില്ല. ഇതോടു കൂടിയാണ് എതിരാളികളില്ലാതെ ഉഷ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിക്കുന്ന ഓദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 10 നായിരിക്കും നടക്കുക. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് പി.ടി. ഉഷ. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളി എന്ന സവിശേഷതയുമുണ്ട്.
കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു പി.ടി. ഉഷയെ അഭിനന്ദിച്ച് ആശംസകളറിയിച്ചു. ”ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇതിഹാസ സുവര്‍ണതാരം ശ്രീമതി. പി.ടി. ഉഷക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭാരവാഹികളായി എത്തുന്ന എല്ലാ കായികതാരങ്ങള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഈ രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു,” എന്നാണ് റിജിജുവിന്റെ ട്വീറ്റ്.
ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു ഉഷ രാജ്യസഭാ എം.പിയായത്. ബി.ജെ.പിയായിരുന്നു താരത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. പി.ടി. ഉഷ എല്ലാവര്‍ക്കും പ്രചോദനമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് പറഞ്ഞത്.