ബംഗളൂരു: അറുപത്തേഴുകാരന്റെ മൃതദേഹം പ്ളാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍. ബംഗളൂരുവിന് സമീപം ജെ.പി നഗറിലെ പുട്ടേനഹള്ളിയില്‍ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പുട്ടേനഹള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തിലാണ് ബാലസുബ്രഹ്മണ്യന് മരിച്ചതെന്നും തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.
ജോലിക്കാരിയുമായി ബാലസുബ്രഹ്മണ്യന് ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും പതിവായിരുന്നു. നവംബര്‍ 16 ന് ചെറുമകനെ ബാഡ്മിന്റണ്‍ ക്ലാസിന് വിട്ടശേഷം ബാലസുബ്രഹ്മണ്യന് നേരേ ജോലിക്കാരിയുടെ വീട്ടിലെത്തി. അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഴഞ്ഞുവീണ വയോധികന് ഉടന്‍ തന്നെ മരിച്ചു. ഭയന്നുപോയ ജോലിക്കാരി ഭര്‍ത്താവിനെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. പോലീസിനെ അറിയിച്ചാല്‍ കേസാകും എന്ന് ഭയന്ന് മൂവരും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. മൃതദേഹം പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ബാലസുബ്രഹ്മണ്യന് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. എന്നാല്‍, പിറ്റേന്ന് പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ബാലസുബ്രഹ്മണ്യത്തിന്റേതാണെന്ന് വ്യക്തമായി. അതിനിടെ, ബാലസുബ്രഹ്മണ്യവും ജോലിക്കാരിയുമായി അടുപ്പമുണ്ടെന്ന് ബന്ധുക്കളില്‍ ചിലര്‍ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്തതോടെ ജോലിക്കാരി കുറ്റം സമ്മതിക്കുകയും ചെയ്തു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നു വ്യക്തമായി. അടുത്തിടെ ബാലസുബ്രഹ്മണ്യന് ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.