പത്തനംതിട്ട: ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ നാളെ ബന്ധുക്കൾക്ക് കൈമാറും. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണിത്. കോട്ടയം മെഡിക്കൽ കോളജിലാണ് നിലവിൽ മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട റോസ്ലിന്‍റെയും പദ്മയുടെയും മൃതദേഹാവശിഷ്ടങ്ങളാണ് ബന്ധുക്കൾക്ക് കൈമാറുന്നത്.
ഇലന്തൂരിൽ നരബലിയ്ക്ക് ഇരയായ പദ്മയുടെ മൃതദേഹം വിട്ട് കിട്ടാൻ വൈകുന്നതിനെതിരെ കുടുംബം വീണ്ടും രണ്ട് തവണ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ കാത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി പദ്മയുടെ മക്കൾ കൊച്ചിയിൽ തുടരുകയാണ്. കടവന്ത്രയിൽ താമസിക്കുന്ന പത്മം, തൃശ്ശൂരിൽ താമസിക്കുന്ന റോസ്ലി എന്നിവരാണ് ഇലന്തൂരിൽ ആഭിചാര ക്രിയകളുടെ ഭാഗമായുള്ള നരബലിയിൽ ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്റ്റംബർ 26 നും കൊലപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ നിഗമനം.
പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്. ഇയാളാണ് രണ്ട് സ്ത്രീകളേയും ഇലന്തൂരിലെ വീട്ടിൽ എത്തിച്ചത്.
ഇരട്ടനരബലിയിൽ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് കേസിൽ തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കേസിൽ മൂന്നാം പ്രതിയായ ലൈല ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹര്‍ജ്ജി തള്ളിയിരുന്നു. അതേസമയം ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവത്‍സിങ്ങിന്റെയും ലൈലയുടെയും വീട്ടിലേക്ക് ഇപ്പോഴും സന്ദർശകരുടെ പ്രവാഹമാണ്. പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. തെളിവെടുപ്പ് പൂർത്തിയായതോടെ വീടിന് മുന്നിലെ പൊലീസ് കാവൽ അവസാനിപ്പിച്ചിരുന്നു.