ബംഗളൂരു: ജോത്സ്യന്റെ ഉപദേശത്തെത്തുടര്‍ന്ന് ഭാര്യയെയും രണ്ടരവയസ്സുള്ള കുഞ്ഞിനെയും വീട്ടില്‍നിന്ന് പുറത്താക്കിയ യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു. മൂലം നക്ഷത്രത്തില്‍ പിറന്ന കുഞ്ഞ് കുടുംബത്തില്‍ ദൗര്‍ഭാഗ്യവും ദുരന്തവും കൊണ്ടുവരുമെന്ന് ജോത്സ്യന് പറഞ്ഞതിനെത്തുടര്‍ന്നാണ് ഭാര്യയെയും കുഞ്ഞിനെയും പുറത്താക്കിയത്. രാമനഗരയില്‍ ചന്നപട്ടണ മഞ്ജുനാഥ ലേഔട്ട് സ്വദേശി നവീനാണ് ഭാര്യ ശ്രുതിയെയും മകന് റിത്വിക്കിനെയും പുറത്താക്കിയത്.
ശ്രുതി രാമനഗര വനിതാ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് നവീനും ശ്രുതിയും വിവാഹിതരായത്. 2020 ജനുവരി 22-ന് ആണ്‍കുട്ടി ജനിച്ചു. അടുത്തിടെ ജോത്സ്യനെ കണ്ടപ്പോള്‍ കുട്ടി ജനിച്ചത് മൂലം നക്ഷത്രത്തിലാണെന്നും അതിനാല്‍ കുടുംബത്തില്‍ ദുരന്തമുണ്ടാകുമെന്നും പറഞ്ഞു.
ഇതിനുശേഷം നവീന്‍ ഭാര്യയെയും മകനെയും ഉപദ്രവിക്കാന്‍ തുടങ്ങി. മകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊല്ലാന്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നതായി ശ്രുതി പോലീസിനോട് പറഞ്ഞു.