തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരേ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം നൂറാം ദിവസത്തിലേക്കു കടക്കുമ്പോള്‍ പ്രദേശത്ത് സംഘര്‍ഷം ശക്തം. വിഴിഞ്ഞം തുറമുഖത്തിന്റെ മുല്ലൂരിലെ പ്രധാന കവാടത്തിന്റെ പൂട്ട് തകര്‍ത്ത പ്രതിഷേധക്കാര്‍, പദ്ധതി പ്രദേശത്തേയ്ക്കു കടന്നു. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി വള്ളങ്ങളും കത്തിച്ചു. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ കടലിലേക്കു തള്ളി.
നൂറാം ദിവസത്തില്‍ കടലിലും കരയിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്. മുല്ലൂര്‍ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ ഓരോ ഇടവകകളില്‍നിന്നും ബൈക്കുകളിലും ഓട്ടോകളിലും പ്രതിഷേധക്കാര്‍ മുല്ലൂരിലെ സമരപന്തലിലെത്തി. പിന്നീട് ബാരിക്കേഡുകള്‍ തള്ളി മാറ്റിയ പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്തേക്കു കടക്കുകയായിരുന്നു.
ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 20 മുതല്‍ സമരം നടത്തുന്നത്. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യമൊഴികെ മറ്റു ആറു ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ സര്‍ക്കാര്‍ രൂപീകരിച്ച പഠന സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന തുക അപര്യാപ്തമാണെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ആയിരത്തിലധികം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സമരം നടക്കുന്നതിനാല്‍ മുതലപ്പൊഴി വഴി വിഴിഞ്ഞത്തേക്കു നിര്‍മാണ സാമഗ്രികള്‍ എത്തുന്നത് തടസ്സപ്പെട്ടേക്കും. അഞ്ചു തെങ്ങ് ഫെറോനയുടെ കീഴിലുള്ള കുടുംബങ്ങള്‍ താഴംപള്ളി കുരിശ്ശടി ഭാഗത്തുനിന്നും പെരുമാതുറ ഭാഗം കേന്ദ്രീകരിച്ചും മുതലപ്പൊഴിയിലെത്തി പ്രതിഷേധിച്ചു.