LocalNEWS

പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തു, തള്ളിയിടാന്‍ ശ്രമിച്ചു; റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

പത്തനംതിട്ട: റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കോലഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റാന്നി വാഴക്കുന്നേല്‍ പാലത്തില്‍ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം വന്ന് മര്‍ദിക്കുകയായിരുന്നു.

സ്ത്രീകളടക്കം സംഘത്തിലുണ്ടായിരുന്നു. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ചംഗ സംഘം പാലത്തിന് മുകളില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്താണ് സംഘമെത്തിയത്. കാറില്‍ പോകുകയായിരുന്ന രണ്ട് പേര്‍ പാലത്തിന് സമീപം വണ്ടിനിര്‍ത്തി ഇറങ്ങിവന്ന വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ഒന്നിച്ചിരിക്കുന്നത് എന്നാണ് സംഘം വിദ്യാര്‍ത്ഥികളോട് ചോദിച്ചത്.

Signature-ad

ഇവരുടെ ചോദ്യം ചെയ്യലിനെ വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതോടെ സംഘം വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. കാറില്‍ നിന്നിറങ്ങി വന്ന സ്ത്രീയും പുരുഷനും പിന്നീട് മറ്റൊരാളെ സ്ഥലത്തേക്ക് ഫോണില്‍ വിളിച്ചുവരുത്തുകയും ചെയ്തു. ഇയാള്‍ ബൈക്കില്‍ എത്തിയശേഷം മൂന്നുപേരും കൂടി ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ തങ്ങളെ മര്‍ദിച്ചെന്നും പാലത്തില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഷ്ണു, സല്‍മാന്‍, ആദര്‍ശ് എന്നിവരടക്കം അഞ്ച് വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിനിരയായത്. ഇതില്‍ വിഷ്ണുവിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെ സംഘം അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ ഷൂട്ട് ചെയ്ത വീഡിയോ ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്.

പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തിലെ മൂന്ന് പേര്‍ ആരാണെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് പരിചയമില്ലാത്തവരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം.

 

Back to top button
error: