Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വെള്ളാപ്പള്ളിക്ക് എം വി ഗോവിന്ദന്റെ പുതുവർഷ സമ്മാനം : നടേശനെ ഭംഗിയായി തള്ളി ഗോവിന്ദൻ : സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളത്: എൽഡിഎഫിലെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ സിപിഎമ്മും സിപിഐയുമാണെന്ന് വെള്ളാപ്പള്ളിയെ ഓർമ്മിപ്പിച്ച് ഗോവിന്ദൻ 

കൊച്ചി: പുതുവർഷ ഉപഹാരമായി വെള്ളാപ്പള്ളി നടേശന് കിടിലൻ സമ്മാനം കൊടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളിയെ ഭംഗിയായി തള്ളി കൊണ്ടാണ് ഗോവിന്ദൻ പുതുവർഷത്തിൽ നിലപാടുകളിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ വെള്ളാപ്പള്ളിയെ സിപിഎം സംരക്ഷിക്കുന്നു എന്ന ആരോപണത്തിനാണ് കുറച്ചെങ്കിലും അറുതി വന്നിരിക്കുന്നത്.

Signature-ad

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എല്ലാ അർത്ഥത്തിലും തള്ളിക്കൊണ്ടാണ് ഗോവിന്ദൻ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ വെള്ളാപ്പള്ളി നടത്തിയ പല പരാമർശങ്ങളും എൽഡിഎഫിൽ തന്നെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഐ പരസ്യമായി തന്നെ വെള്ളാപ്പള്ളി – സിപിഎം സ്നേഹബന്ധത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനൊക്കെ ശേഷമാണ് വെള്ളാപ്പള്ളിയെ പരസ്യമായി ഗോവിന്ദൻ തള്ളി പറഞ്ഞിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമായി തന്നെ നിരാകരിച്ചു . വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഎമ്മിനില്ലെന്ന് ഗോവിന്ദൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കുമെന്നും തെറ്റായത് അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍ തറപ്പിച്ചു പറഞ്ഞു. സിപിഐ ‘ചതിയന്‍ ചന്തു’ ആണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തെ അംഗീകരിക്കുമോയെന്ന ചോദ്യത്തോട് സിപിഐയും സിപിഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളതെന്ന് ഗോവിന്ദൻ വ്യക്തമായ മറുപടി നൽകി. തങ്ങളെ തമ്മിൽ തെറ്റിക്കാൻ ഉള്ള ഒരു വേലയും ആരും എടുക്കണ്ട എന്ന് വ്യക്തമായ മുന്നറിയിപ്പും ഗോവിന്ദൻ നൽകിയിട്ടുണ്ട്.

 

തങ്ങളും സിപിഐഎം തമ്മിലുള്ള ബന്ധത്തിനെതിരെ തെറ്റായ ഒരു പ്രവണതയും പ്രചാരവേലയും തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അത്തരം നിലപാട് സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ സിപിഐഎമ്മും സിപിഐയുമാണ്. അതിനെ കലുഷിതമായ രീതിയിലുള്ള എന്തെങ്കിലും പ്രയോഗങ്ങളും വാക്കുകളും കൊണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്ന ഒരു ശ്രമത്തിനും യോജിപ്പില്ല – എം വി ഗോവിന്ദന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തെയും തള്ളി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഒരു പ്രദേശത്തേയോ ജനതയേയോ വര്‍ഗീയമായി ചിത്രീകരിക്കുന്ന നിലപാടിനോട് വെള്ളാപ്പള്ളിയായാലും യോജിപ്പില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

എല്‍ഡിഎഫില്‍ നിന്ന് മുസ്‌ലിം സമൂഹം പൂര്‍ണമായും ഒഴിഞ്ഞുപോയിരിക്കുകയാണെന്ന നിലപാടിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എല്‍ഡിഎഫിന് എതിരായി മുസ്‌ലിം ഏകീകരണം വന്നെന്ന ഒരു നിലപാടും ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫിന് വോട്ട് ചെയ്യുന്ന വലിയ മുസ്‌ലിം സമൂഹം ഇത്തവണയും വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തി. ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും കോണ്‍ഗ്രസും അതിനൊപ്പം ചേര്‍ന്ന് മാധ്യമങ്ങളും നടത്തിയത് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ്. ഞങ്ങള്‍ക്ക് സംഘടനാപരമായ രീതിയില്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്ഥലങ്ങളില്‍ അത് പ്രതിരോധിച്ചു. അല്ലാത്ത സ്ഥലങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടു’, എം വി ഗോവിന്ദന്‍ പറഞ്ഞു.

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പുരോഹിതനെ അറസ്റ്റ് ചെയ്ത സംഭവത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇന്ത്യയിലാകെ വര്‍ഗീയ ധ്രുവീകരണശ്രമത്തിന്റെ ഭാഗമായി വിഷം കുത്തിയിറക്കി ജനങ്ങളെ ഛിന്നഭിന്നമാക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ ഭരണകൂട സംവിധാനത്തെ ഉപയോഗിച്ച് നടത്തുന്നു. വര്‍ഗീയ കലാപത്തിലേക്കോ സംഘര്‍ഷത്തിലേക്കോ സംഘപരിവാറിന് എത്തിക്കാന്‍ കഴിയാതിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും എസ്‌ഐടി അന്വേഷണത്തിന് സിപിഐഎം പിന്തുണക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം നഷ്ടമാകരുത്. ആരാണ് ഉത്തരവാദി അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. ഉത്തരവാദി ആരായാലും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഇല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: