Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

നടപടി വൈകിയിട്ടില്ല, സാങ്കേതികത്വം പറഞ്ഞു തെറ്റിദ്ധരിപ്പിക്കേണ്ട; മാധ്യമ പ്രവര്‍ത്തകരോടു കയര്‍ത്ത് വി.ഡി. സതീശന്‍; ‘നേതൃസ്ഥാനത്ത് ഞങ്ങളാണ്, മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെ’ന്നും രാഹുലിനെ പിന്തുണച്ച യുവ നേതാക്കളെ ഉന്നമിട്ടു മുന്നറിയിപ്പ്

ആലപ്പുഴ: നടപടി വൈകിയിട്ടില്ലെന്നും സാങ്കേതികത്വം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടെന്നും മാധ്യമ പ്രവര്‍ത്തകരോടു വി.ഡി. സതീശന്‍. ഉത്തരവാദിത്വപ്പെട്ട നിലപാട് കോണ്‍ഗ്രസ് എടുത്തു. രാഹുല്‍ മാങ്കൂട്ടത്തെ പുറത്താക്കി. രാഹുല്‍ രാജിവയ്ക്കുമോ വേണ്ടയോ എന്നത് അയാള്‍ തീരുമാനിക്കണമെന്നും ഇന്നലെയാണു രാഹുലിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തെന്നും സതീശന്‍ പറഞ്ഞു.

നേതൃസ്ഥാനത്തു ഞങ്ങളാണുള്ളത്. ഞങ്ങളുടെ തീരുമാനമാണ് അന്തിമം. മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെന്നും യുവ നേതാക്കളെ ഉന്നമിട്ടു സതീശന്‍ പറഞ്ഞു. സിപിഎം എകെജി സെന്ററില്‍ കൂട്ടിവച്ച പരാതികളിലും തീരുമാനമുണ്ടാക്കണമെന്നും സതീശന്‍ പറഞ്ഞു.

Signature-ad

അതേസമയം, യുവതിയെ ഗര്‍ഭഛിദ്രത്തിനു രാഹുല്‍ മാങ്കുട്ടത്തില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഫ്‌ലാറ്റിനു മുകളില്‍ നിന്നും ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളെല്ലാം കോടതി പരിശോധിച്ചു.

രാഹുലിനെതിരെ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാഹുല്‍ ഒരു സ്ഥിരം പ്രതിയാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം രണ്ടാമത്തെ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍ ആവര്‍ത്തിച്ചു.

ആരെന്നോ എന്തെന്നോ അറിയാത്തയാള്‍ മെയിലില്‍ അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൂട്ടിയ കേസാണിതെന്നാണ് പ്രതിഭാഗം വാദം. യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണു ഗര്‍ഭഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തും സ്‌ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നല്‍കാന്‍ യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍നിന്നു സമ്മര്‍ദമുണ്ടായെന്നും സിപിഎം-ബിജെപി ഗൂഢാലോചനയാണു പരാതിക്കു പിന്നിലെന്നും പ്രതിഭാഗം വാദിച്ചു.

Back to top button
error: